സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി
ക്ലാക്ടൺ ഓൺ സീ: ഗ്രേറ്റ് ക്ലാക്ടണിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയോടനുബന്ധിച്ചുള്ള പഴയ ഹാൾ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹാൾ നിർമിക്കുന്നതിനുള്ള പദ്ധതിക്ക് ടെൻഡറിംഗ് ഡിസ്ട്രിക്ട് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.
1981-ൽ താത്കാലിക കെട്ടിടമായി നിർമിച്ച നിലവിലെ ഹാൾ കാലപ്പഴക്കവും മറ്റ് കേടുപാടുകളും കാരണം അപകടാവസ്ഥയിലാണെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
പള്ളിയുടെ വിവിധ യോഗങ്ങൾക്കും പൊതുജനങ്ങൾക്കായുള്ള സാമൂഹിക പരിപാടികൾക്കും ഈ ഹാൾ വർഷങ്ങളായി ഉപയോഗിച്ചുവരികയാണ്.
സെപ്റ്റംബർ അവസാനത്തോടെയാണ് പള്ളി വികാരി മാർക്ക് മൾറൈൻ പുതിയ ഹാൾ നിർമിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്.
നിലവിലുള്ള ഹാളിന്റെ ഏതാണ്ട് അതേ വലുപ്പത്തിലായിരിക്കും പുതിയ കെട്ടിടം നിർമിക്കുക. പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ പ്രവേശന കവാടത്തിന് എതിർവശത്തായിരിക്കും പുതിയ കെട്ടിടത്തിന്റെ സ്ഥാനം.
പുതിയ ഹാളിൽ പ്രവേശന ലോബി, അടുക്കള, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ശുചിമുറികൾ, പ്രധാന യോഗമുറി എന്നിവ ഉൾപ്പെടുത്തും.
പള്ളിയുടെ സെമിത്തേരിയിലേക്കും പരിസരത്തേക്കും കാഴ്ച ലഭിക്കുന്ന രീതിയിൽ പ്രധാന യോഗമുറിയിൽ മുഴുവൻ ഉയരത്തിലുള്ള ഗ്ലാസ് ഭിത്തിയും ഒരുക്കും.
കെട്ടിടത്തിന്റെ മേൽക്കൂരയിലെ പ്രത്യേക തുറസ്സുകളിലൂടെ സ്വാഭാവിക വെളിച്ചം അകത്തേക്ക് എത്തിക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ രൂപകൽപ്പന തയാറാക്കിയ ഇൻക്പെൻ ഡൗണി ആർക്കിടെക്ചർ പറയുന്നതനുസരിച്ച്, ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ വാസ്തുവിദ്യയ്ക്കും പരിസരത്തിന്റെ പൈതൃകസ്വഭാവത്തിനും അനുയോജ്യമായ രീതിയിലാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പള്ളിയുടെ ചരിത്രപരമായ പ്രാധാന്യത്തെ ബാധിക്കാത്തവിധം ആധുനിക നിർമാണസാമഗ്രികളും ലളിതമായ രൂപകൽപ്പനയും ഉപയോഗിച്ച് നിലവിലെ സാഹചര്യത്തേക്കാൾ മികച്ച സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും ആർക്കിടെക്ചർ സ്ഥാപനം വ്യക്തമാക്കി.
ചരിത്രപ്രാധാന്യമുള്ള പള്ളി
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി ഗ്രേറ്റ് ക്ലാക്ടണിലെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ്.
ലണ്ടൻ ബിഷപ്പായിരുന്ന റിച്ചാർഡ് ഡി ബെൽമീസിന്റെ കാലഘട്ടത്തിലാണ് പള്ളിയുടെ നിർമാണം നടന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന പൈതൃക സംരക്ഷണ പദവിയായ ഗ്രേഡ്-1 ലിസ്റ്റഡ് പദവിയാണ് ഈ പള്ളിക്കുള്ളത്.
പുതിയ ഹാൾ നിർമിക്കുന്നതിലൂടെ പള്ളിയുടെ ചരിത്രപരമായ പശ്ചാത്തലത്തിന് കാര്യമായ ആഘാതമുണ്ടാകില്ലെന്നും നിലവിലെ സ്ഥലത്തിന്റെ സൗന്ദര്യവും ഉപയോഗക്ഷമതയും മെച്ചപ്പെടുമെന്നും പൈതൃക വിലയിരുത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags : StJohnTheBaptistChurch ChurchDevelopment NRINews UKNews