ഇന്ന് നവംബർ 25!
കലണ്ടറിൽ വെറുമൊരു തീയതി പോലെ തോന്നുമെങ്കിലും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ ഹൃദയത്തിൽ എഴുതിയ ദിവസമാണ്! സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ദിനം! ഇന്ന് മുതൽ ഡിസംബർ പത്ത് വരെ ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറയും -ഇനി മിണ്ടാതിരിക്കില്ല!
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഡിസംബർ 10 ലെ മനുഷ്യാവകാശ ദിനം വരെ 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ലോകമെമ്പാടും സംഘടിപ്പിക്കുന്നത്.
ചരിത്ര പശ്ചാത്തലം
1960 നവംബർ 25 ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ മിറാബൽ സഹോദരിമാരായ പട്രിയ, മിനർവ, മരിയ എന്നിവർ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ കൊല്ലപ്പെട്ടു. അവരുടെ സ്മരണാർത്ഥമാണ് 1999 ൽ ഐക്യരാഷ്ട്രസഭ നവംബർ 25 ഈ ദിനമായി പ്രഖ്യാപിച്ചത്. 2000 ൽ പൊതുസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചു.
അതിക്രമം എന്താണ്?
അതിക്രമം എന്നത് ശാരീരികമായ ഉപദ്രവം മാത്രമല്ലെന്ന് ഐക്യരാഷ്ട്രസഭ നിർവചിക്കുന്നു. ശാരീരികമോ ലൈംഗികമോ മാനസികമോ ആയ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, നിർബന്ധിക്കൽ, സ്വാതന്ത്ര്യം നിഷേധിക്കൽ എന്നിവയെല്ലാം സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ പരിധിയിൽ വരുന്നു. ഇത് പൊതു ഇടങ്ങളിലും സ്വകാര്യ ജീവിതത്തിലും സംഭവിക്കാം.ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ജോലിസ്ഥലത്തെ പീഡനം, സൈബർ ഇടങ്ങളിലെ അധിക്ഷേപം, പൊതുഗതാഗത സംവിധാനങ്ങളിലെ ശല്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
കേരളത്തിലെ സ്ഥിതി
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഗാർഹിക പീഡനം, സൈബർ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല കേസുകളിലും ഇരകൾ പരാതി നൽകാൻ മടിക്കുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ചെയ്യേണ്ടത്?
അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ മൗനം പാലിക്കാതെ ഇടപെടുക.കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരസ്പര ബഹുമാനത്തെക്കുറിച്ച് ബോധവത്കരിക്കുക.അതിക്രമത്തിന് ഇരയാകുന്നവർക്ക് നിയമപരമായ സഹായം ലഭ്യമാക്കുക.സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും തീരുമാനമെടുക്കാനുള്ള അവകാശവും ഉറപ്പാക്കുക.
സഹായത്തിന് ബന്ധപ്പെടാം
അതിക്രമത്തിന് ഇരയാകുന്നവർക്കും, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വനിതാ ഹെൽപ്പ് ലൈൻ: 181
പോലീസ് എമർജൻസി: 112
ചൈൽഡ് ലൈൻ: 1098
സ്ത്രീ സുരക്ഷിതയാകുമ്പോൾ മാത്രമേ സമൂഹം പുരോഗതി പ്രാപിക്കൂ എന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.