ഇന്ത്യന്‍ സമയം രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ സിന്ഡറോവിനു വെള്ള കരുക്കളും ഗുകേഷിനു കറുപ്പുമാണ്. ഗുകേഷ് വൈറ്റ് കരുക്കളുമായി കളിക്കുമ്പോള്‍ 1.e4, 1.d4, 1.Nf3 എന്നീ നീക്കങ്ങള്‍ നടത്തുന്നതാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് Ruy Lopez, Sicilian ന്റെ വിവിധ രൂപങ്ങള്‍, Queen's Gambit തുടങ്ങിയ ഓപ്പണിംഗുകള്‍ അദ്ദേഹത്തിന്റെ മത്സരങ്ങളില്‍ കാണാം. ബ്ലാക്ക് കരുക്കളുമായി 1.e4-നു മറുപടിയായി Sicilian Defence, 1.d4-ന് മറുപടിയായി വിവിധ ഇന്ത്യന്‍ ഡിഫെന്‍സ് സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാന ആയുധങ്ങള്‍. ആവശ്യാനുസരണം Caro-Kann പോലുള്ള പ്രതിരോധങ്ങളും ഉപയോഗിക്കാറുണ്ട്. സിന്‍ഡറോവും വൈവിധ്യമാര്‍ന്ന ഓപ്പണിംഗ് ശേഖരമുള്ള താരമാണ്. വൈറ്റ് കരുക്കളുമായി 1.e4നും 1.d4നും പ്രാധാന്യം നല്കുന്നു. Closed Sicilian, Italian Game തുടങ്ങിയ ഓപ്പണിംഗുകള്‍ അദ്ദേഹത്തിന്റെ കളികളില്‍ കാണാം.ബ്ലാക്ക് കരുക്കളുമായി King's Indian Defence, Sicilian Defence, Pirc Defence, Ruy Lopez സംവിധാനങ്ങളും ഉപയോഗിക്കുന്നു.2026 ഫിഡെ ലോകചാമ്പ്യന്‍ഷിപ്പിനായി പ്രത്യേകം തയാറാക്കിയ പുതിയ വേരിയേഷനുകള്‍ എന്തൊക്കെയാണെന്നതിനാണ് ചെസ് ലോകം ഉറ്റുനോക്കുന്നത്.
ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് ഇന്നു തുടക്കമാകുന്നു. ഇന്ത്യയുടെ ലോകചാമ്പ്യന് കിരീടം നിലനിര്‍ത്തുമോ? അതോ ഉസ്ബക്കിസ്ഥാന്റെ താരോദയം ചെസ് ലോകത്തിന്റെ നെറുകയിലെത്തുമോ? നിലവിലെ കിരീടാവകാശിയായ ഇന്ത്യയുടെ ഡി. ഗുകേഷും ചലഞ്ചറായെത്തിയ ഉസ്ബെക്കിസ്ഥാന്റെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ജാവോഖിര്‍ സിന്‍ഡറോവും തമ്മിലുള്ള പോരാട്ടം രണ്ടു കളിക്കാര്‍ തമ്മിലുള്ള മത്സരം മാത്രമല്ല. ഏഷ്യന്‍ ചെസിന്റെ രണ്ടു ശക്തികേന്ദ്രങ്ങള്‍ തമ്മിലുള്ള അഭിമാനപ്പോരാട്ടം കൂടിയാണിത്. ഇരുവര്‍ക്കും പ്രായം ഇരുപത്. ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പോരാട്ടമാണിതെന്നതും മറ്റൊരു വാസ്തവം.
ഇന്നു മുതല്‍ ഡിസംബര്‍ 12വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയ്ക്കടുത്തുള്ള കൊളോനിയിലെ ഫൗണ്ടേഷന് മാര്ട്ടിന് ബോഡ്മെര്‍ ഹാളില്‍ നടക്കുന്ന മത്സരത്തില്‍ 14 ക്ലാസിക്കല്‍ ഗെയിമുകളാണുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യനാകും.
ഗുകേഷ്; ചരിത്ര പ്രതിഭ
2006 മേയ് 29നു ജനിച്ച ഗുകേഷ് 12 വര്‍ഷവും ഏഴു മാസവും പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററായി. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ്മാസ്റ്ററായിരുന്നു അദ്ദേഹം. 2022ലെയും 2024ലെയും ചെസ് ഒളിമ്പ്യാഡുകളില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഗുകേഷ് 2024ല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റും നേടി.
അതേ വര്‍ഷം ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ അവസാന ഗെയിമില്‍ പരാജയപ്പെടുത്തി 18 വര്‍ഷവും ആറു മാസവും പ്രായമുള്ളപ്പോള്‍ ലോകചാമ്പ്യനായി. ഏറ്റവും പ്രായം കുറഞ്ഞ അണ്ഡിസ്പ്യൂട്ടഡ് ലോകചാമ്പ്യന് എന്ന റിക്കാര്‍ഡും അതോടെ സ്വന്തം.
ലോകചാമ്പ്യനായ ശേഷമുള്ള രണ്ടു വര്‍ഷം ഗുകേഷിന് എളുപ്പമായിരുന്നില്ല. 2025ലെ ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ പ്രഗ്നാനന്ദയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനം. നോര്‍വെ ചെസില്‍ മൂന്നാമത്. യൂറോപ്യന്‍ ക്ലബ് കപ്പില്‍ സൂപ്പര്‍ ചെസ് ടീമിനുവേണ്ടി കളിച്ച് ടീം കിരീടവും ഒന്നാം ബോര്‍ഡില്‍ വ്യക്തിഗത സ്വര്‍ണവും. 2025 ലോകകപ്പിലും ഗ്രാന്‍ഡ് സ്വിസിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2026ലെ ടാറ്റ സ്റ്റീല്‍, പ്രാഗ് മാസ്റ്റേഴ്സ്, നോര്‍വെ ചെസ്, ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും നിറം മങ്ങി.
എന്നാല്‍, 2026 സെപ്റ്റംബറില്‍ സമര്‍കന്ദില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ 11 മത്സരങ്ങളില്‍നിന്ന് 8.5 പോയിന്റ് നേടി ഗുകേഷ് മികച്ച തിരിച്ചുവരവിന്റെ സൂചന നല്കി. ഇന്ത്യ വെള്ളി നേടിയ ആ ഒളിമ്പ്യാഡില്‍ വ്യക്തിഗത പ്രകടനവും ശ്രദ്ധേയമായിരുന്നു.
നവംബര്‍ 2026ലെ ഫിഡെ റേറ്റിംഗ് പട്ടികയില്‍ ഗുകേഷിന്റെ ക്ലാസിക്കല്‍ റേറ്റിംഗ് 2710 ആണ്. ലോക റാങ്കിംഗ് 26. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് 2794.
സിന്‍ഡറോവ്; ഉസ്ബക്ക് ശക്തി
2005 ഡിസംബര്‍ എട്ടിനു ജനിച്ച സിന്‍ഡറോവ് 12 വര്‍ഷവും 10 മാസവും പ്രായമുള്ളപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്ററായി. 2022 ചെന്നൈ ചെസ് ഒളിമ്പ്യാഡില്‍ ഉസ്ബക്കിസ്ഥാന് ചരിത്രത്തിലാദ്യമായി ഓപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു.
2025 ഗോവയില്‍ നടന്ന ഫിഡെ ലോകകപ്പില്‍ 206 താരങ്ങള്‍ പങ്കെടുത്ത നോക്കൗട്ട് പോരാട്ടത്തില്‍ ചൈനയുടെ വെയ് യിയെ ഫൈനലില്‍ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. 19 വര്‍ഷവും 11 മാസവും പ്രായത്തില്‍ ലോകകപ്പ്. ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡിലും.
അതിലും വലിയ നേട്ടമാണ് 2026-ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ വിജയം. 14 മത്സരങ്ങളില്‍നിന്ന് 10 പോയിന്റ് നേടി ഒരു റൗണ്ട് ബാക്കിനില്‍ക്കെ തന്നെ ചാമ്പ്യനായി. തോല്‍വിയറിയാതെയായിരുന്നു ഈ നേട്ടം. ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ആര്. പ്രഗ്നാനന്ദ തുടങ്ങിയ ലോകോത്തര താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു മുന്നേറ്റം.
2026ലെ ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ രണ്ടാം സ്ഥാനവും ഡാനിയല്‍ നരോഡിറ്റ്സ്കി മെമ്മോറിയലില്‍ റാപ്പിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളില്‍ വിജയവും. 2026ലെ ചെസ് ഒളിമ്പ്യാഡില്‍ ഉസ്ബക്കിസ്ഥാന് സ്വര്‍ണം നേടിയപ്പോള്‍ രണ്ടാം ബോര്‍ഡില്‍ വ്യക്തിഗത വെങ്കലം.
2026 നവംബറിലെ ക്ലാസിക്കല്‍ റേറ്റിംഗ് 2782. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗും ഇതുതന്നെ. ലോക റാങ്കിംഗില്‍ നാലാമതാണ്.