ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല. സമീപകാലത്തെ മോശം ഫോമും ബൗളിങ്ങിലെ പ്രകടനവുമാണ് 32കാരനായ താരത്തിന് തിരിച്ചടിയാകുന്നത്. രണ്ടാം ടെസ്റ്റിലും സിറാജിനെ പുറത്തിരുത്തിയേക്കുമെന്ന സൂചനയാണ് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ നൽകുന്നത്.
വെല്ലിംഗ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിൽ സിറാജിനെ ഒഴിവാക്കിയാണ് ഇന്ത്യ അൻഷുൽ കംബോജിനെ ടീമിൽ ഉൾപ്പെടുത്തിയത്. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർക്കൊപ്പമാണ് കംബോജ് കളിച്ചത്. സിറാജിനെ ഒഴിവാക്കിയ തീരുമാനം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.സിറാജ് സ്വന്തം പ്രകടനവും ബൗളിംഗ് രീതിയും പുനഃപരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് മോർണി മോർക്കലിന്റെ നിലപാട്.
ഇതോടെ ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും സിറാജിന് പുറത്തിരിക്കേണ്ടിവരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അതേസമയം കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സിറാജ് നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയെ മുന്നിൽനിന്ന് നയിച്ച താരം പരമ്പരയിൽ ആകെ 23 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.