കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പോലീസ് തയാറാക്കിയ കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി.
വളപട്ടണം എസ്എച്ച്ഒ തയാറാക്കിയ വിശദമായ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. അർജുൻ ആയങ്കിക്കെതിരെയുള്ള വിവിധ കേസുകളുടെയും പോലീസ് നടപടികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
കാപ്പ ചുമത്തണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടറാണ്. പോലീസ് സമർപ്പിച്ച റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമായിരിക്കും കളക്ടറുടെ തീരുമാനം. കാപ്പ ചുമത്താൻ തീരുമാനിച്ചാൽ അത് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റിക്ക് വിടും.
റിവ്യൂ കമ്മിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമായിരിക്കും തുടർനടപടികൾ. അർജുൻ ആയങ്കിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ നിലവിലുണ്ടെന്ന പശ്ചാത്തലത്തിലാണ് കാപ്പ നടപടിക്കായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.