കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റ്് നേടി അധികാരത്തില്‍ വരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതുഭരണം കേരളത്തിന്റെ വികസനചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണ്. മുഖ്യമന്ത്രിയും ഇടതുമുന്നണിയും പ്രകടിപ്പിക്കുന്നത് പരാജയഭീതിയില്നിന്നുള്ള കപട ആത്മവിശ്വാസം മാത്രമാണെന്നും എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തു ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുകയാണ്. അഞ്ചുതവണ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചും നാലുതവണ വൈദ്യുതി നിരക്ക് കൂട്ടിയും സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണ്.
കുടിക്കുന്ന വെള്ളത്തിനുവരെ നികുതി കൂട്ടിയ സര്‍ക്കാര്‍, വികസനം സിപിഎം നേതാക്കള്‍ക്കു മാത്രമുള്ള ഒന്നാക്കി മാറ്റി. കേരളത്തിന്റെ വിദേശനിക്ഷേപം വെറും 300 കോടിയില്‍ ഒതുങ്ങിനില്ക്കുമ്പോള് അയല്‍സംസ്ഥാനങ്ങള്‍ കോടികളാണു വികസനരംഗത്ത് കൊയ്യുന്നത്.പത്തു വര്‍ഷത്തിനിടെ ഒരു വന്‍കിട പദ്ധതിപോലും കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സഹകരണ വകുപ്പിലെ സോഫ്റ്റ്വേര്‍ ടെന്‍ഡറുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ വന്‍ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളെ ഒഴിവാക്കി രാഷ്ട്രീയബന്ധമുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിന് വഴിവിട്ട രീതിയില്‍ കരാര്‍ നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മിറ്റ്കോ) ഒരു ശാഖയ്ക്ക് 5.24 ലക്ഷം രൂപ നിരക്കില്‍ സോഫ്റ്റ്വേര്‍ നല്‍കാമെന്ന് ഏറ്റപ്പോള്‍, 17.8 ലക്ഷം രൂപ വീതം ഈടാക്കി ദിനേശ് ബീഡി സംഘത്തിന് കരാര്‍ നല്‍കാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.