ഹോങ്കോംഗ്: ഹോങ്കോംഗ് തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി. പാർപ്പിടസമുച്ചയം നവീകരിക്കുന്നതിനിടെയുണ്ടായ ദുരന്തത്തിൽ അറസ്റ്റിലായവരുടെ 13 ആയെന്നു പോലീസ് അറിയിച്ചു.
വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലെ കെട്ടിടങ്ങളിൽ പോലീസ് പരിശോധന ആരംഭിച്ചതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പലതും ചാരമായ നിലയിലായിരുന്നു. ഈ അവസ്ഥയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത കുറവാണ്. 40 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
31 നിലകളുള്ള എട്ടു കെട്ടിടങ്ങൾ ഉൾപ്പെടുന്ന സമുച്ചയത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു ദുരന്തമുണ്ടായത്. നവീകരണ പ്രവർത്തനങ്ങൾക്കു സുരക്ഷിതമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതാണ് ദുരന്തവ്യാപ്തി വർധിപ്പിച്ചത്.
ഹോങ്കോംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നിൽ ജനത്തിന് അമർഷം ശക്തമാണ്. ദുരന്തത്തിന്റെ പേരിൽ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളുണ്ടായൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ജനങ്ങൾക്കു മുന്നറിയിപ്പു നല്കി.