ന്യൂഡൽഹി: രാജ്യത്ത് ഓരോ 71 സെക്കൻഡിലും സ്ത്രീകൾക്കെതിരേ കുറ്റകൃത്യമുണ്ടാകുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കഴിഞ്ഞദിവസം പുറത്തിറക്കിയ "ക്രൈം ഇൻ ഇന്ത്യ 2024' റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
റിപ്പോർട്ട് പ്രകാരം 4,41,534 കേസുകളാണ് രാജ്യത്തുടനീളം 2024ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. 2023ലെ 4,48,211 കേസുകളിൽനിന്ന് 1.4 ശതമാനം കുറവാണ് 2024ൽ ഉണ്ടായിട്ടുള്ളതെങ്കിലും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽനിന്ന് പ്രതിദിനം 1210 കേസുകൾ രാജ്യത്തുണ്ടാകുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ തെളിയിക്കുന്നത്.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2024ലെ കണക്കുകൾപ്രകാരം ഉത്തർപ്രദേശിൽ 66,398, മഹാരാഷ്ട്രയിൽ 47,954, രാജസ്ഥാനിൽ 36,563 എന്നിങ്ങനെയാണു സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളായി അതത് സംസ്ഥാനങ്ങളിൽ ആ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ.
തൃണമൂൽ ഭരിച്ചുകൊണ്ടിരുന്ന പശ്ചിമബംഗാളിൽ പ്രസ്തുത വർഷം 34,360 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ മധ്യപ്രദേശിൽ 32,832 കേസുകളും ബിഹാറിൽ 27,359 കേസുകളും ഹരിയാനയിൽ 13,945 കേസുകളും ഡൽഹിയിൽ 13,396 കേസുകളും രജിസ്റ്റർ ചെയ്തു.
റിപ്പോർട്ട് പ്രകാരം കേരളത്തിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം മുൻ വർഷത്തേതിൽനിന്ന് 2024ൽ കുറഞ്ഞിട്ടുണ്ട്. 2023ൽ സംസ്ഥാനത്തു 16,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024ൽ ഇത് 15,037 ആയി കുറഞ്ഞു.
എന്നാൽ, ഒരുലക്ഷം ജനസംഖ്യയിൽ ശരാശരി 80.5 സ്ത്രീകൾ 2024ൽ കേരളത്തിൽ അതിക്രമം നേരിട്ടതായി പരാതിപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ ശരാശരിയേക്കാൾ മുകളിലാണിത്.