ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥി ജുവിനു നാടൊന്നാകെ കണ്ണീരോടെ യാത്രാമൊഴി നല്കി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വിലാപങ്ങള്ക്കിടയിലായിരുന്നു സംസ്കാരചടങ്ങുകള്‍.
അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് വീട്ടിലും പള്ളിയിലും എത്തിച്ചേര്‍ന്നത്.
എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉള്‍പ്പടെ ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കളും സാമൂഹികപ്രവര്‍ത്തകരും എത്തിയിരുന്നു. സംസ്കാരശുശ്രൂഷകള്‍ക്കു രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. ആളൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്പിലാവില്, മുന്‍ അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പോള്‍ ഇയ്യന്നം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ജുവിന്റെ ഹൃദയം ഇനി
അശ്വന്തിൽ സ്പന്ദിക്കും
ഇരിങ്ങാലക്കുട: അകാലത്തില്‍ പൊലിഞ്ഞ ജുവിന്റെ ഹൃദയസ്പന്ദനം മറ്റൊരാളുടെ നെഞ്ചില്‍ വീണ്ടും ജീവന്റെ സംഗീതമാവും. വാഹനാപകടത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആളൂര്‍ സ്വദേശി ജുവിന് രാജുവിന്റെ അവയവദാനം ഏഴുപേര്‍ക്കാണ് പുതുജീവിത പ്രതീക്ഷയായത്.
ജുവിന്റെ ഹൃദയം ഇനി കണ്ണൂര്‍ ജില്ലയിലെ കുറ്റൂര്‍ കുഴിക്കാട് ചന്ദ്രശേഖരന്റെ മകന് അശ്വന്ത് ചന്ദ്രന്റെ ശരീരത്തിലാണ് സ്പന്ദിക്കുക. ദീര്‍ഘകാലമായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അശ്വന്ത് ചന്ദ്രന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കാണ് ജീവനായത്.
ജുവിന്റെ കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്കു നല്കി. ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെയും രോഗികള്‍ക്കു ജീവന് പകര്‍ന്നു. കണ്ണിന്റെ രണ്ടു കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കു മാറ്റി.