ലണ്ടൻ: സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അൽ സൗദ് (29) ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണു മരണകാരണമെന്ന് ജുഡീഷൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. മദ്യം, മാരക ലഹരിവസ്തുക്കൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ എന്നിവയുടെ അമിത ഉപയോഗമാണു മരണത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്. ആത്മഹത്യയോ, ദുരൂഹസാഹചര്യങ്ങളോ സംഭവത്തിനു പിന്നിലില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
2025 നവംബർ 25-ന് ആണ് ലണ്ടൻ മാരിയറ്റ് ഹോട്ടൽ കെൻസിംഗ്ടണിലെ മുറിയിലെ ബാത്ത്റൂം ഫ്ലോറിൽ രാജകുമാരനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഹോട്ടൽ അധികൃതർ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണസംഘത്തിന്റെ പരിശോധനയിൽ രാജകുമാരന്റെ രക്തത്തിൽ വലിയ അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനുപുറമെ മാരകലഹരിപദാർഥങ്ങൾ, കഞ്ചാവ്, വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഉപയോഗിക്കുന്ന സാനക്സ് ഉൾപ്പെടെയുള്ള വിവിധ മരുന്നുകളുടെ സാന്നിധ്യവും ശരീരത്തിലുണ്ടായിരുന്നു. ഇവയുടെ അമിതമായ അളവ് ഹൃദയസ്തംഭനത്തിനു കാരണമായെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
കടുത്ത മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും അടിമയായിരുന്ന രാജകുമാരൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ ലണ്ടനിലെ പ്രിയോറി ആശുപത്രിയിലും പിന്നീട് മെഴ്സിസൈഡിലെ റെയിൻഫോർഡ് ഹാൾ പുനരധിവാസ കേന്ദ്രത്തിലും ചികിത്സ തേടിയിരുന്നു. ഒക്ടോബറിൽ ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ രാജകുമാരൻ തുടർചികിത്സയ്ക്ക് എത്തിയിരുന്നില്ല.
മരണത്തിൽ ദുരൂഹതകളോ മറ്റ് ആളുകളുടെ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന് ജുഡീഷൽ ഓഫീസർ ജീൻ ഹാർകിൻ വ്യക്തമാക്കി. സ്വയം അപായപ്പെടുത്താനുള്ള സാധ്യത ഡോക്ടർമാർ നേരത്തെ തള്ളിക്കളഞ്ഞിരുന്നതായും മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഹാർകിൻ കൂട്ടിച്ചേർത്തു.