ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ പുതിയൊരു യൂട്യൂബ് ചാനലുമായി ആരാധകർക്ക് മുന്നിലേക്ക്. 'ബീയിംഗ് സൽമാൻ ഖാൻ' എന്ന പേരിലാണ് താരം പുതിയ ചാനൽ ആരംഭിച്ചിരിക്കുന്നത്. സാധാരണ സെലിബ്രിറ്റി യൂട്യൂബ് ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഫോർമാറ്റിലാണ് ഈ ചാനൽ ഒരുക്കിയിരിക്കുന്നത്.
ഈ ചാനലിലൂടെ ആരാധകർക്കും ആഗ്രഹമുള്ളവർക്കും അഭിനയം പഠിപ്പിക്കുകയാണ് താരം ലക്ഷ്യമിടുന്നത്. അഭിനയം, ശരീരഭാഷ, തന്റെതായ പ്രത്യേക ശൈലികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. ആദ്യ വീഡിയോയിൽ ഒരു ആക്ടിംഗ് പരിശീലകനായും, അഭിനയം പഠിക്കാനെത്തുന്ന വിദ്യാർഥിയായും ഇരട്ട വേഷങ്ങളിൽ സൽമാൻ ഖാൻ തന്നെ പ്രത്യക്ഷപ്പെടുന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. തന്റെ ദീർഘകാലത്തെ സിനിമാ ജീവിതത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത പ്രശസ്തമായ ശരീരഭാഷയും ഡയലോഗ് അവതരണരീതികളും ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം യൂട്യൂബ് ചാനലിന്റെ ലിങ്ക് പങ്കുവച്ചത്. 'നമുക്ക് തുടക്കം മുതൽ തുടങ്ങാം. എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ; എ മുതൽ സെഡ് വരെ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും' എന്ന കുറിപ്പോടെയാണ് സൽമാൻ ചാനൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്.
സൽമാൻ ഖാന്റെ യൂട്യൂബിലെ ആദ്യ പരീക്ഷണമല്ല ഇത്. 2020-ൽ അദ്ദേഹം 'സൽമാൻ ഖാൻ ഫിലിംസ് മ്യൂസിക്' എന്ന പേരിൽ മറ്റൊരു ചാനൽ ആരംഭിച്ചിരുന്നു. നിലവിൽ മൂന്ന് ദശലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള ഈ ചാനലിലൂടെ സ്വന്തം ചിത്രങ്ങളിലെ പാട്ടുകളും സ്വതന്ത്ര സംഗീത ആൽബങ്ങളുമാണ് താരം പുറത്തിറക്കിയിട്ടുള്ളത്.