മഞ്ചേരി: മഞ്ചേരി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന്റെ അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.റഹ്മത്തുള്ള എംഎൽഎ അറിയിച്ചു.
കെട്ടിട നിർമാണത്തിൽ കാലതാമസം നേരിട്ടതിനെത്തുടർന്ന് ആദ്യഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോറും ഒന്നാം നിലയും പൂർത്തിയാക്കുന്നതിനാണ് മുൻഗണന നൽകിയത്. തുടർന്ന് രണ്ടാംഘട്ടത്തിൽ ആവശ്യമായ ശേഷിച്ച നിർമാണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഫയർ സ്റ്റേഷന് ചുറ്റുമതിൽ നിർമിക്കുന്നതിനും ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുമാണ് ഇപ്പോൾ അനുവദിച്ച തുക വിനിയോഗിക്കുക.
മഞ്ചേരി നഗരസഭയുടെ കച്ചേരിപ്പടി ഐജിബിടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ താത്കാലിക മുറിയിലാണ് നിലവിൽ അഗ്നിരക്ഷാസേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്.
2016 മുതൽ താത്കാലിക സംവിധാനത്തിലാണ് മഞ്ചേരി ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഈ പരിമിതി പരിഹരിക്കാനാകും.
കരുവന്പ്രത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറും രണ്ട് നിലകളും ഉൾപ്പെടുന്ന കെട്ടിടമായാണ് ആദ്യം രൂപകൽപന ചെയ്തത്.
എന്നാൽ നിർമാണച്ചെലവ് വർധിച്ചതിനെത്തുടർന്ന് മുഴുവൻ പ്രവൃത്തികളും നിശ്ചിത തുകയ്ക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാർ അറിയിച്ചതോടെ നിലവിൽ ഗ്രൗണ്ട് ഫ്ളോറും ഒന്നാം നിലയുമാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 2.75 കോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നിർമാണം നടത്തിയത്.
രണ്ടാംഘട്ട നിർമാണത്തിനായി നേരത്തെ രണ്ട് തവണ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
പുതിയ ഭരണാനുമതി ലഭിച്ചതോടെ ഫയർ സ്റ്റേഷന്റെ സുരക്ഷാ സംവിധാനങ്ങളും വൈദ്യുതീകരണവും ഉൾപ്പെടെയുള്ള ശേഷിച്ച പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.