കോട്ടയം: ആസ്റ്റര് ഗാര്ഡിയന്സ് ഗ്ലോബല് നഴ്സിംഗ് അവാര്ഡ് കരസ്ഥമാക്കിയ അജിമോള് പ്രദീപിനെ കാരിത്താസ് ഹോസ്പിറ്റല് ആന്ഡ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് സയന്സസ് അനുമോദിച്ചു.
നഴ്സിംഗ് രംഗത്തെ മികച്ച സേവനത്തിനും സമര്പ്പണത്തിനും ലഭിച്ച അംഗീകാരത്തിന്റെ ഭാഗമായി കാരിത്താസ് കോളജ് ഓഫ് നഴ്സിംഗിന്റെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
കാരിത്താസ് ഡയമണ്ട് ജൂബിലി കോണ്ഫറന്സ് ഹാളില് നടന്ന സമ്മേളനം കാരിത്താസ് ഹോസ്പിറ്റല് ആന്ഡ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് സയന്സസ് ഡയറക്ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു.
നഴ്സിംഗ് മേഖലയിലെ സേവന മികവിനുള്ള അംഗീകാരമാണ് അജിമോള് പ്രദീപിന് ലഭിച്ച പുരസ്കാരമെന്ന് ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. 214 രാജ്യങ്ങളില്നിന്നുള്ള 1.34 ലക്ഷം അപേക്ഷകരില്നിന്നാണ് അജിമോള് പ്രദീപ് അവാര്ഡിന് അര്ഹയായത്. ഇത് മലയാളി നഴ്സിംഗ് സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കാരിത്താസ് കോളജ് ഓഫ് നഴ്സിംഗ് പ്രിന്സിപ്പല് പ്രഫ. ട്വിങ്കിള് മാത്യു, യൂണിവേഴ്സിറ്റി ഓഫ് സാല്ഫോര്ഡിലെ നഴ്സിംഗ് സീനിയര് ലക്ചറര് ഡോ. നതാലിയേറ്റ്സ് ബോള്ട്ടണ് എന്നിവര് പ്രസംഗിച്ചു. പുരസ്കാര ജേതാവായ അജിമോള് പ്രദീപ് മറുപടി പ്രസംഗം നടത്തി. അഖില് സാമുവല് നന്ദി പറഞ്ഞു.