മറയൂര്‍: ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് കാന്തല്ലൂര്‍ പഞ്ചായത്തിലെ ദണ്ഡു കൊമ്പ് പ്രീമെട്രിക് ഹോസ്റ്റലിലെ വാച്ച്മാന് പി.എസ്. ദിലീപിനെയും കുക്ക് കെ.എം. രവീന്ദ്രനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ ല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ നിരന്തരം മദ്യപിക്കുന്നതും കുട്ടികള്‍ക്ക് യഥാസമയം ഭക്ഷണം നല്‍കാത്തതും വൃത്തിയില്ലാത്തതും രുചികരമല്ലാത്തതുമായ ഭക്ഷണം നല്‍കുന്നതും കണ്ടെത്തി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും മുന്‍കാലങ്ങളില്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ അധ്യാപകരോടും ജനപ്രതിനിധികളോടും പുതിയതായി ചുമതലയേറ്റ ട്രൈബല്‍ ഓഫീസറോടും ഇക്കാര്യം സൂചിപ്പിച്ചു. തുടര്‍ന്ന് കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവന്‍രാജ് അടക്കമുള്ള ജനപ്രതിനിധികള്‍ ഹോസ്റ്റലിലെത്തി കുട്ടികളുമായി നേരിട്ട് ചര്‍ച്ച നടത്തി.
മറയൂര്‍ ട്രൈബല്‍ ഓഫീസറും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറും നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടെത്തിയതും ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചതും. 14നു വൈകുന്നേരം മൂന്നിന് എഫ്. രാജ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.