അന്യഗ്രഹജീവികളല്ല! ഭൂമിയിൽനിന്ന് ഏകദേശം 63 പ്രകാശവർഷം അകലെയുള്ള ഗ്രഹത്തിൽനിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങളെ ഒടുവിൽ ശാസ്ത്രലോകം തിരിച്ചറിഞ്ഞു! ഹാർവാർഡ് ആൻഡ് സ്മിത്ത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സ്, യൂണിവേഴ്സിറ്റി ഓഫ് ഒറിഗൺ എന്നിവിടങ്ങളിലെ ഗവേഷകരാണു നമ്മുടെ സൗരയൂഥത്തിനു വെളിയിൽ സ്ഥിതിചെയ്യുന്ന 'ബീറ്റാ പിക്റ്റോറിസ് ബി' എന്ന ഭീമൻ വാതകഗ്രഹത്തിൽനിന്നു പുറപ്പെടുന്ന റേഡിയോ തരംഗങ്ങൾ കൃത്യമായി വേർതിരിച്ചത്.
2008-ൽ കണ്ടെത്തിയ ബീറ്റാ പിക്റ്റോറിസ് ബി-ക്ക് വ്യാഴത്തേക്കാൾ പതിനൊന്ന് ഇരട്ടിയിലധികം ഭാരമുണ്ട്. ഇതിനുമുമ്പും റേഡിയോ തരംഗങ്ങൾ ഗവേഷകർക്കു ലഭിച്ചെങ്കിലും, അവ ഗ്രഹത്തിൽനിന്നാണോ, അതോ അതു ചുറ്റുന്ന നക്ഷത്രത്തിൽനിന്നാണോ എന്നു വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കയിലെ അത്യാധുനിക 'മീർകാറ്റ്' റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ, സിഗ്നലുകൾ ഗ്രഹത്തിൽനിന്നുതന്നെയാണു പുറപ്പെടുന്നതെന്നു ശാസ്ത്രജ്ഞർ ഉറപ്പിച്ചു.
അന്യഗ്രഹജീവികളുടെ സാന്നിധ്യമല്ല, മറിച്ചു സ്വാഭാവികമായ ശാസ്ത്രീയ പ്രതിഭാസങ്ങളാണ് ഈ റേഡിയോ തരംഗങ്ങൾക്കു കാരണമെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ഗ്രഹത്തിന്റെ ശക്തമായ കാന്തികമണ്ഡലത്തിലേക്കു ബഹിരാകാശത്തുനിന്നുള്ള ഇലക്ട്രോണുകൾ വേഗത്തിൽ പതിക്കുമ്പോഴുണ്ടാകുന്ന 'അറോറ' (ഭൂമിയിലെ ധ്രുവദീപ്തിക്കു സമാനമായ പ്രതിഭാസം) ആണ് ഈ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. എട്ടു മുതൽ ഒൻപതു മണിക്കൂറിനുള്ളിൽ ഭ്രമണം പൂർത്തിയാക്കുന്ന ഈ ഗ്രഹത്തിന്റെ അതിവേഗഭ്രമണവും റേഡിയോ സിഗ്നലുകളുടെ ആവർത്തനത്തിന് ആക്കം കൂട്ടുന്നു.
സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തിന്റെ കാന്തികമണ്ഡലത്തിന്റെ ശക്തി നേരിട്ട് അളക്കാൻ സാധിച്ചു എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രധാന സവിശേഷത. ബീറ്റാ പിക്റ്റോറിസ് ബി-യുടെ കാന്തികമണ്ഡലത്തിനു ഭൂമിയുടേതിനേക്കാൾ 2,500 ഇരട്ടി ശക്തിയുണ്ടെന്നാണു കണക്കാക്കുന്നത്. വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കണ്ടെത്തൽ സഹായകമാകുമെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.