ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 20ന് നടത്തിയ പാർലമെന്റ് മാർച്ചിൽ പ്രതിഷേധക്കാർക്കു നേരേ പോലീസ് നിയമവിരുദ്ധവും മാരകവുമായ ബലപ്രയോഗം നടത്തിയെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്.
പ്രതിഷേധക്കാർക്കു നേരേ പോലീസ് പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും ഗ്രനേഡുകളും ലാത്തികളും വൈദ്യുതി ഷോക്ക് ഉപകരണങ്ങളും പ്രയോഗിച്ചെന്ന് സാക്ഷിമൊഴികളും വീഡിയോ-ഫോട്ടോ തെളിവുകളും ആധാരമാക്കി ആംനെസ്റ്റി സ്ഥിരീകരിച്ചു.
ആഭ്യന്തര പോലീസിംഗ് നയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ആയുധങ്ങൾ ഉപയോഗിച്ചതെന്നും എന്നിട്ടും ഡൽഹിയിലെ ഒരൊറ്റ ഉദ്യോഗസ്ഥനെപ്പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള ബലപ്രയോഗം ഡൽഹി പോലീസ് തുടർച്ചയായി നിഷേധിക്കുന്നതിനിടെയാണ് നിയമവിരുദ്ധമായ ബലപ്രയോഗം അധികൃതർ നടത്തിയിട്ടുണ്ടെന്ന് ഫോട്ടോകളും വീഡിയോ തെളിവുകളും മുൻനിർത്തി രാജ്യാന്തര മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നത്.
ജൂലൈ 20നുണ്ടായ പ്രതിഷേധത്തിൽ റെക്കോർഡ് ചെയ്ത 15 വീഡിയോകളാണ് ആംനെസ്റ്റിയുടെ അന്താരാഷ്ട്ര എവിഡൻസ് (തെളിവ്) ലാബ് സ്ഥിരീകരിച്ചത്. ഇതിൽ പ്രതിഷേധക്കാർക്കുനേരേ സേന ഷോട്ട്ഗണ്ണുകൾ പ്രയോഗിക്കുന്ന രണ്ട് വീഡിയോയും പെല്ലറ്റ് ഗൺ ഉപയോഗം മൂലം ഒരാൾക്കു പരിക്കേറ്റിട്ടുള്ള വീഡിയോയും പ്രതിഷേധക്കാർക്കിടയിൽ കണ്ണീർവാതകം വന്നുവീണു പൊട്ടിത്തെറിക്കുന്ന വീഡിയോയുമുണ്ട്.
പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നതിനുമുമ്പ് ജനങ്ങൾക്കു മുന്നറിയിപ്പ് നൽകണമെന്ന് ഇന്ത്യൻ സർക്കാരിന്റെ ബ്യൂറോ ഫോർ പോലീസ് റിസർച്ച് ഡെവലപ്മെന്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇത് പിന്തുർന്നിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഗുരുതര അക്രമമുണ്ടാകുമ്പോൾ മാത്രമാണ് കണ്ണീർവാതകം ഉപയോഗിക്കേണ്ടതെന്നിരിക്കെ അത്തരമൊരു തലത്തിലെ അക്രമത്തിനു തെളിവില്ലെന്ന് ആംനെസ്റ്റി പറയുന്നു.
അനങ്ങാതെ നിൽക്കുന്ന ഒരാൾക്കെതിരേയും ചെറുപ്പക്കാരനായ ഒരാൾക്കെതിരേയും യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാർജ് നടത്തുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരാൾക്കെതിരേ വൈദ്യുതി ഷോക്ക് പ്രയോഗിക്കുന്നതും ആംനെസ്റ്റി സ്ഥിരീകരിച്ച വീഡിയോകളിൽ ഉൾപ്പെടുന്നു.
ബിഹാറിൽ ജൂലൈ 24ന് നടന്ന പ്രതിഷേധത്തിനെതിരേ ഒരു പോലീസ് ഉദ്യോഗസ്ഥൻ എകെ-47 പ്രയോഗിക്കുന്ന രണ്ടു വീഡിയോയും ആംനസ്റ്റി ഇന്റർനാഷണൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും തെളിവുകളുണ്ടായിട്ടും ഇന്ത്യൻ അധികാരികൾ അന്വേഷണം നടത്താനോ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ തയാറായിട്ടില്ലെന്ന് ആംനെസ്റ്റി പ്രതികരിച്ചു.