ഈജിപ്ഷ്യൻ ന്യൂ കിംഗ്ഡം കാലഘട്ടത്തിലെ സാധാരണക്കാരുടെ, സൈനികരുടെ ജീവിതം എങ്ങനെയായിരുന്നു? ഇരുളടഞ്ഞുകിടന്ന ചില അധ്യായങ്ങളിലേക്കു വെളിച്ചംവീശുന്ന പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ! നൈൽ നദീതട മേഖലയിലെ പുരാതന സൈനികകേന്ദ്രത്തിൽ നടന്ന ഖനനത്തിലാണ് അദ്ഭുതകരമായ കണ്ടെത്തൽ. മൂവായിരം വർഷം പഴക്കമുള്ള റാംസെസ് രണ്ടാമൻ രാജാവിന്റെ ശിലാഫലകം, യുദ്ധക്കുതിരയുടെ അസ്ഥികൂടം തുടങ്ങിയ നിരവധി ശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈജിപ്റ്റിലെ ഇന്നത്തെ ബെഹെയ്റ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന 'അൽ-അബ്ഖാ' (ടെൽ അൽ-അബ്ഖൈൻ) എന്ന പുരാവസ്തു കേന്ദ്രത്തിലാണു ഗവേഷണം പുരോഗമിക്കുന്നത്.