വൈക്കം: നിർദിഷ്ട തുറവൂർ -പമ്പ സംസ്ഥാന പാതയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് കായൽ പാലത്തിന്റെ നേരേകടവ് ഭാഗത്തെ സമീപന പാതയുടെ സംരക്ഷണഭിത്തിയുടെ വാർക്കൽ പുരോഗമിക്കുന്നു.
പാലത്തിന്റെ 150 മീറ്ററോളം നീളമുള്ള സമീപന റോഡിന്റെ ടാറിംഗിനായി ഗതാഗതം നിരോധിച്ച് മെറ്റൽ വിരിച്ചു സമീപന റോഡിന്റെ ടാറിംഗ് നടത്താനുള്ള ക്രമീകരണങ്ങളും നടത്തിക്കഴിഞ്ഞു. കൈവരികൾ പൂർത്തിയായ പാലത്തിന്റെ പെയിന്റിംഗും പൂർത്തിയായി വരികയാണ്.
മഴ കനത്തതിനെത്തുടർന്ന് നിർമാണപ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞതിനാൽ ഓണത്തോടനുബന്ധിച്ച് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാൻ കഴിയാത്ത സാഹചര്യമാണ്. കാലാവസ്ഥ അനുകൂലമായാൽ സെപ്റ്റംബർ അവസാനത്തോടെ പാലത്തിന്റെ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നാണ് കരുതുന്നത്. പാലത്തിന് ആകെ 22 സ്പാനുകളാണുള്ളത്.
11.23 മീറ്റർ വീതിയിലാണ് നേരേകടവ് - മാക്കേകടവ് പാലം നിർമിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച് മാസമാണ് പുനരാരംഭിച്ചിത്.
നേരേകടവ് മുതൽ ഉദയനാപുരം വരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിന് നിലവിൽ നാലു മീറ്റർ വീതി മാത്രമാണുള്ളത്.റോഡിന്റെ വശങ്ങളിൽനിന്നും ഭൂമി ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ നിലവിലുള്ള കലുങ്കുകൾ പുതുക്കിപ്പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഈ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്. നിലവിലുള്ള റോഡിന്റെ പരമാവധി വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ മറ്റു അനുബന്ധ പ്രവൃത്തികളടക്കം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.