തിരുവനന്തപുരം: വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും.
വനം-വന്യജീവി മന്ത്രി ഷിബു ബേബി ജോൺ, വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, എസ്സി-എസ്ടി പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി, പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ എന്നിവരാണ് ആറളം ഫാം സന്ദർശിക്കുന്നത്. സെക്രട്ടേറിയറ്റിൽ വനംമന്ത്രിയുടെ ചേംബറിൽ കൂടിയ മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ആറളം ഫാമിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമാണം ഡിസംബറോടെ പൂർത്തിയാക്കാനും മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം വിലയിരുത്താനും യോഗം നിർദേശം നൽകി. ആനമതിൽ നിർമാണം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ ശക്തമായ മറ്റു പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും.
അടിക്കാട് വെട്ടുന്നതിന്റെയും വിസ്ത ക്ലിയറൻസിന്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. ആറളം ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങൾ തീർക്കുമ്പോൾ മറ്റ് ജനവാസ മേഖലകളിലേക്ക് ആനകൾ ഇറങ്ങാതിരിക്കാനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.