മമ്മി സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അർണോൾഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുൽ സൻക്രിത്യാൻ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷൻ ത്രില്ലർ രണബാലിയിലാണ് അർണോൾഡ് പ്രധാന വേഷത്തിലെത്തുന്നത്.
ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.
ടാക്സിവാല എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയിൽ, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമാണം. വമ്പൻ ക്യാൻവാസും വൈകാരിക മുഹൂർത്തങ്ങളും സമന്വയിപ്പിക്കുന്ന ഈ ചിത്രം, തെലുങ്ക് പീരിയഡ് സിനിമകൾക്ക് ഒരു പുതിയ അളവുകോൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തും.