ആഷ്ഫോർഡ്: യുകെയിലെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആഷ്ഫോർഡ് സെന്റ് തോമസ് മലങ്കര കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ വിദ്യാർഥികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി അവധിക്കാല ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Malankara Bible Orientation Camp (MBOC) എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വില്ലെസ്ബറോ WI ഹാളിൽ നടക്കും.
ആഗോള കത്തോലിക്ക സഭ ആരാധനാ വർഷമായി ആചരിക്കുന്ന ഈ വർഷം സൊഗ്ദോ എന്ന ആത്മാവിൽ കർത്താവിനെ ആരാധിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇടവക വികാരി ഫാ. ജോൺസൻ പെരുംകൂട്ടത്തിൽ ഒഐസിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ ക്ലാസുകൾക്ക് മുന്നോടിയായി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വികാരി ഫാ. ജോൺസൻ പെരുംകൂട്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും.
ഇടവക ട്രസ്റ്റി ജോൺസൻ മാത്യുസും സെക്രട്ടറി ലിജു ചാക്കോയും ആശംസകൾ അർപ്പിക്കും. ക്യാമ്പിൽ ബൈബിൾ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
Faith, Fun, Friendship എന്ന പ്രമേയത്തിലും അറിയുക, സ്നേഹിക്കുക, വളരുക എന്ന സന്ദേശത്തിലും സംഘടിപ്പിക്കുന്ന ക്യാമ്പ് കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ, സാമൂഹിക, വ്യക്തിത്വ വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘാടകർ അറിയിച്ചു.
ആഷ്ഫോർഡിലെ സെന്റ് തോമസ് മലങ്കര കത്തോലിക്ക മിഷനിലെ കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വിശ്വാസത്തിലും സൗഹൃദത്തിലും സന്തോഷത്തിലും വളരാൻ ക്യാമ്പ് സഹായകമാകുമെന്ന് സംഘാടകർ പറഞ്ഞു.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേ സ്കൂൾ സെക്രട്ടറി സിനു പൗലോസ് നന്ദി അറിയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി സ്നേഹവിരുന്നും കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വേദി: Willesborough WI Hall, വിലാസം: 100 Church Rd, Willesborough, Ashford, TN24 0JG, Kent.