അയ്മനം: വെള്ളപ്പൊക്കത്തെത്തുടർന്നു അയ്മനത്തെ 70 ശതമാനം പ്രദേശവും വെള്ളത്തിൽ. വീടുകളിൽ വെള്ളം കയറി താമസയോഗ്യമല്ലാതെ നിരവധി കുടുംബങ്ങളാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുന്നത്. അയ്മനത്തെ നാലു ക്യാമ്പുകളിലായി 331 കുടുംബങ്ങളാണ് കഴിയുന്നത്.
പഞ്ചായത്തിൽ പ്രവത്തിക്കുന്ന ക്യാമ്പുകളായ അയ്മനം പിജെഎം യുപി സ്കൂൾ, ഒളശ സിഎംഎസ് എൽപി സ്കൂൾ, പരിപ്പ് ഹൈസ്കൂൾ, കുടമാളൂർ എൽപിഎസ് എന്നിവിടങ്ങളിൽ 611 ആളുകൾ കഴിയുന്നുണ്ട്. ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
നീണ്ടൂരിൽ പ്രളയദുരിതം
ഏറ്റുമാനൂർ: ഒരു പകൽ മഴ മാറി നിന്നിട്ടും നീണ്ടൂർ പഞ്ചായത്തിൽ ദുരിതം കുറഞ്ഞില്ല. ഇന്നലെ വെയിൽ ഉണ്ടായിരുന്നിട്ടും വെള്ളം ഇറങ്ങിയില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് നിന്നിട്ടില്ല. തോടുകളിൽ പോള നിറഞ്ഞതാണ് പ്രളയജലം ഒഴുകി മാറാത്തതിന്റെ പ്രധാന കാരണം. 90 വീടുകളിൽ വെള്ളം കയറി. പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. സെന്റ് മൈക്കിൾസ് എൽപി സ്കൂളിൽ 34 ഉം എസ്കെവി സ്കൂളിൽ 77 പേരും ക്യാമ്പിലുണ്ട്. ഇവരെ കൂടാതെ എസ്കെവി സ്കൂളിൽ 18 ഇതര സംസ്ഥാന തൊഴിലാളികളെയും പാർപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ മൂന്നു പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായി. മാക്കോത്തറ, വിരുപ്പുകാല, മുടക്കാലി പാടശേഖരങ്ങളിലാണ് മടവീണത്. വിതയ്ക്കു വേണ്ടി ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളിലുണ്ടായ മടവീഴ്ച കർഷകർക്ക് വലിയ നഷ്ടം വരുത്തി. അടിയന്തര സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ഉയരം കൂട്ടി ബലപ്പെടുത്തണമെന്ന് വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ്.