ന്യൂഡൽഹി: സുപ്രീംകോടതി മെട്രോ സ്റ്റേഷനിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിലുണ്ടായ തർക്കത്തെത്തുടർന്ന് മർദനമേറ്റയാൾ മരിച്ചു. പവൻ ശർമ (48) ആണ് കൊല്ലപ്പെട്ടത്. സീറ്റിലിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും, പ്രതികളുടെ മർദനത്തിൽ നിലത്തുവീണ് ഗുരുതരമായി പരിക്കേറ്റ പവൻ ശർമ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.
മെട്രോ സ്റ്റേഷനിൽ വെച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ പ്രതികളായ സഞ്ജയ് പ്രതാപ് സിംഗ്, സിദ്ധാർത്ഥ് സിംഗ് എന്നിവർ ചേർന്ന് പവൻ ശർമയെ തടയുകയും മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തുവെന്ന് മാതാവ് ദുർഗ ശർമ്മ നൽകിയ പരാതിയിൽ പറയുന്നു. തള്ളിയിട്ടതിനെ തുടർന്ന് നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മെട്രോ ജീവനക്കാരാണ് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 105 പ്രകാരം ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലെ സീറ്റ് തർക്കങ്ങൾ കൊലപാതകത്തിൽ കലാശിച്ച സംഭവം വലിയ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്.