ഡോർട്മുണ്ട്: ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്ത മൈക്കിൾ ഒലീസെയുടെ മികവിൽ ബയേണ്‍ മ്യൂണിക് ജർമൻ സൂപ്പർ കപ്പിൽ മുത്തമിട്ടു. ലീഗ് സീസണു മുന്നോടിയായുള്ള മത്സരത്തിൽ ബയേണ്‍ 2-1ന് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി. ബയേണിന്റെ 12-ാമത്തെ സൂപ്പർ കപ്പ് നേട്ടമാണ്.
സാധാരണയായി മുൻ സീസണിലെ ബുണ്ടസ് ലിഗ ജേതാക്കളും ജർമൻ കപ്പ് വിജയികളുമാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുക. എന്നാൽ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലിഗയും ജർമൻ കപ്പും ബയേണിനായിരുന്നു. ബൊറൂസിയ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനക്കാരുമായി.
ബൊറൂസിയയുടെ സിഗ്നൽ ഇഡുന പാർക്കിൽ നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ നഥാനിയേൽ ബ്രൗണ്‍ ടീമിനെ മുന്നിലെത്തിച്ചു. ഒലീസെയുടെ ക്രോസിൽനിന്നായിരുന്നു ഗോൾ.
ആദ്യപകുതിയുടെ അധിക സമയത്ത് ഒലിസെ നേടിയ ഗോൾ ബുണ്ടസ് ലിഗ ചാന്പ്യന്മാർക്ക് ആധിപത്യം നൽകി.75-ാം മിനിറ്റിൽ ഫാബിയോ സിൽവ ഒരുഗോൾ മടക്കി ഡോർട്മുണ്ടിന് സമനില പ്രതീക്ഷകൾ നല്കി. എന്നാൽ, 90-ാം മിനിറ്റിൽ റാമി ബെൻസെബൈനി ചുവപ്പുകാർഡ് കണ്ടു പുറത്തായത് ആതിഥേയർക്കു തിരിച്ചടിയായി.