ന്യൂയോർക്ക്: 73000-ലേറെ ആളുകളുടെ മരണത്തിനു കാരണക്കാരനായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കണമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി.
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ യുഎസ് സർക്കാർ മുൻകൈയെടുക്കണമെന്നും മംദാനി ആവശ്യപ്പെട്ടു. നെതന്യാഹുവിനെ അമേരിക്കയിൽവച്ച് അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ന്യൂയോർക്ക് മേയർ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.
പലസ്തീൻ ജനതയ്ക്കെതിരായ ഭീകരമായ വംശഹത്യയുടെ സൂത്രധാരനാണ് നെതന്യാഹുവെന്നും യുദ്ധക്കുറ്റവാളിയാണെന്നും എക്സിൽ പങ്കുവച്ച വീഡിയോയിൽ മമദാനി ആരോപിച്ചു. ആളുകളെ കൊന്നൊടുക്കിയതുമാത്രമല്ല, പതിനായിരക്കണക്കിനു കുട്ടികളുടെ വൈകല്യങ്ങൾക്കും നെതന്യാഹു ഉത്തരവാദിയാണെന്ന് മംദാനി ചൂണ്ടിക്കാട്ടി.
നവജാതശിശുക്കളുടെ ആശുപത്രികളും മാതൃപരിപാലന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും, ജനങ്ങൾക്കു ഭക്ഷണവും അടിയന്തര സഹായങ്ങളും നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐസിസി നെതന്യാഹുവിനെതിരേ നടപടി സ്വീകരിച്ചത്. 2024 നവംബറിലാണ് യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനെതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ന്യൂയോർക്ക് സിറ്റിക്ക് നേരിട്ട് ഐസിസി വാറന്റ് നടപ്പാക്കാനുള്ള നിയമപരമായ അധികാരമില്ലെന്ന് സമ്മതിച്ച മംദാനി, എന്നാൽ യുഎസ് ഫെഡറൽ സർക്കാരിന് അതിനുള്ള അധികാരമുണ്ടെന്നും ഐസിസിയുമായി കൈകോർത്ത് വാറന്റ് നടപ്പാക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.