നെടുങ്കണ്ടം: സിഎച്ച്ആര്‍ മേഖലയില്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം നല്കിയ പട്ടയങ്ങളുടെ എണ്ണം, വിസ്തീര്‍ണം എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിഎച്ച്ആര്‍ മേഖലയിലെ പട്ടയ വിതരണം തടഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ വിധി പുനഃപരിശോധിക്കാന്‍ ആവശ്യമായ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സിഎച്ച്ആറിന്റെ വിസ്തൃതി, ഈ മേഖലയില്‍ നല്കിയ പട്ടയങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും സുപ്രീം കോടതി അനുമതിയോടെയാണ് ഈ മേഖലയില്‍ പട്ടയം നല്‍കിയതെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ മറച്ചുവച്ചതുമാണ് പട്ടയവിതരണം തടയാന്‍ കാരണം.
കേസില്‍ സര്‍ക്കാര്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നാണ് റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ ഇടതുനേതാക്കളും പറയുന്നത്. എന്നാല്‍, ഇതു കളവാണെന്ന് സത്യവാങ്മൂലം പരിശോധിച്ചാല്‍ വ്യക്തമാകും. ഒരു പഠനവും നടത്താതെയാണ് 2007ല്‍ ഈ കേസില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് 2024 ഒക്ടോബര്‍ 23 ന് ജില്ലാ ഭരണകൂടം നടത്തിയ വിവര ശേഖരണത്തില്നിന്നുതന്നെ വ്യക്തമാണ്. കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ് മൂലങ്ങളും ജില്ലാ ഭരണകൂടം ശേഖരിച്ച വിവരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സിഎച്ച്ആര്‍ കേസുകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച നിരുത്തരവാദിത്വമാണ് തിരിച്ചടിയായത്. .
2007 വരെ സിഎച്ച്ആര്‍ മേഖലയില്‍ 1993 റൂള്‍ പ്രകാരം നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്ന ആകെ പട്ടയങ്ങള്‍ 2024 പൂർത്തിയായിട്ടും നല്‍കിയിട്ടില്ല. ശേഖരിച്ച കണക്കിലെയും സത്യവാങ്മൂലത്തിലെയും പട്ടയങ്ങളുടെ എണ്ണത്തില്‍ 30,461 എണ്ണത്തിന്റെ വ്യത്യാസമുണ്ട്. സിഎച്ച്ആറിന്റെ ആകെ വിസ്തൃതി സംബന്ധിച്ചും തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.
സര്‍ക്കാര്‍ വിവിധ കോടതികളില്‍ നല്കിയ സത്യവാങ്മൂലത്തിലും തിരുവതാംകൂര്‍ ഫോറസ്റ്റ് മാനുവലിലും വിവിധ വിജ്ഞാപങ്ങളിലും സിഎച്ച്ആറിന്റെ വിസ്തൃതി 333 മുതല്‍ 336 വരെ ചതുരശ്ര മൈലാണ്. എന്നാല്‍ 2007 ലും 2024 ലും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് 413 സ്ക്വയര്മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്നാണ്. സിഎച്ച്ആറില്‍ പട്ടയം നല്കിയ ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച് സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കണക്കുകളില്‍ 11,513 ഏക്കര്‍ ഭൂമിയുടെ വ്യത്യാസമാണുള്ളത്.
സിഎച്ച്ആര്‍ കേസില്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പട്ടയ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടും യഥാര്‍ഥ വിവരങ്ങള്‍ കോടതിയില്‍ നിന്ന് മറച്ചുവച്ച് സര്‍ക്കാര്‍ മലയോര ജനതയെ വഞ്ചിക്കുകയാണെന്ന് ബിജോ മാണി കുറ്റപ്പെടുത്തി. അടിയന്തരമായി സത്യവാങ്മൂലങ്ങളിലെ തെറ്റുതിരുത്തി യഥാര്‍ഥ വസ്തുതകള്‍ കോടതിയെ ധരിപ്പിച്ച് പട്ടയ വിലക്ക് നീക്കാനും സിഎച്ച്ആര്‍ പ്രദേശം റവന്യൂ ഭൂമിയായി നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്. രാമചന്ദ്രന്, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ജോസഫ്, എം.എസ്. മേശ്വരന്‍ എന്നിവരും പങ്കെടുത്തു.
പട്ടയങ്ങളുടെ എണ്ണം
(2024 ഒക്ടോബര്‍ 23 വരെ)
1) 1993 റൂള്‍ അനുസരിച്ചുള്ളവ - 21,014.
2) 1964 റൂള്‍ അനുസരിച്ചുള്ളത് - 24,868.
3) ഏല പട്ടയം, എല്‍ ടി പട്ടയം, ലക്ഷംവീട് പട്ടയം, ട്രൈബല്‍ പട്ടയം, സീറോ ലാന്‍ഡ് പട്ടയം, എച്ച്ആര്‍സി പട്ടയം, പുതുവല്‍ റൂള്‍ പ്രകാരമുള്ള പട്ടയങ്ങള്‍ ഉള്‍പ്പെടെ ആകെ - 55,650 പട്ടയങ്ങള്‍.
സിഎച്ച്ആറില്‍ നല്കിയ പട്ടയങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് 2023 ഒക്ടോബര്‍ ഏഴിനാണ്. അതിലെ വിവരങ്ങള്‍ ഇപ്രകാരമാണ്,
1) 5.11.2007 വരെ 1993 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 25,293.
2) 5.11.2007നു ശേഷം 1993 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 49,805.
3) 1964 റൂള്‍ പ്രകാരം നല്കിയ പട്ടയങ്ങള്‍ 11,013. ആകെ - 86,111