തൊടുപുഴ: വാഗമണ്‍ ടൗണിനോടു ചേർന്നുള്ള 1238.60 ഏക്കർ ഭൂമി സംരക്ഷിതവനമാക്കാൻ ഇടതു സർക്കാർ ഇറക്കിയ രണ്ടു കരട് വിജ്ഞാപനങ്ങൾ റദ്ദു ചെയ്യണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തിൽ അവശ്യപ്പെട്ടു. വാഗമണ്‍ റിസർവ്, കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് എന്നീ പേരുകളിലാണ് പുതിയ സംരക്ഷിത വനങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. വാഗമണ്ണിലെ ടൂറിസം മേഖലയെയും നിരവധി തോട്ടം തൊഴിലാളി കുടുംബങ്ങളെയും സംരക്ഷിത വനങ്ങളുടെ രൂപീകരണം പ്രതികൂലമായി ബാധിക്കും.
അതിനാൽ ഈ വിജ്ഞാപനങ്ങൾ റദ്ദു ചെയ്ത് ഇതിൽ ഉൾപ്പെട്ട ഭൂമി ഡീ നോട്ടീഫൈ ചെയത് റവന്യു ഭൂമിയായി നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലന്ന് പ്രസംഗിക്കുന്ന ജില്ലയിലെ ഇടതുപക്ഷനേതാക്കൾ തങ്ങളുടെ സർക്കാർ വാഗമണ്ണിൽ കൃഷിഭൂമിയുൾപ്പെടെ വനമാക്കി മാറ്റിയത് അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം.
ജില്ലയിൽ മാത്രം വിഎസ്, പിണറായി സർക്കാരുകൾ 54,458.44ഏക്കർ ഭൂമിയാണ് പുതിയതായി സംരക്ഷിതവനമാക്കാൻ കരട് വിഞ്ജാപനമിറക്കിയത്. ഇതിൽ വാഗമണ്‍ റിസർവിന്റെ കരട് വിഞ്ജാപനം 2006-ൽ വിഎസ് സർക്കാരിന്റെ കാലയളവിൽ ഇറങ്ങിയിരുന്നെങ്കിലും ഏതെല്ലാം സർവേ നന്പറിൽ ഉൾപ്പെട്ട ഭൂമിയാണ് ഈ റിസർവിന്റെ പരിധിയിലുള്ളതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നില്ല.
2025 ഫെബ്രുവരി 15നാണ് സർവേ നന്പറുകൾ ഉൾപ്പെടുത്തി പിണറായി സർക്കാർ പുതിയ വിജ്ഞാപനമിറക്കുന്നത്. പട്ടയ ഭൂമികളും റിസർവ് വനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാഗമണ്‍ വില്ലേജിലെ പുറന്പോക്ക് രജിസ്റ്റർ പരിശോധിച്ചാൽ വ്യക്തമാകും. ഇതിൽ ഉൾപ്പെട്ട ചില സർവേ നന്പറുകളിലെ ഭൂമിക്ക് 1993ലും പട്ടയം നൽകിയതായി പുറന്പോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് 2021 മാർച്ച് 24നാണ് കോലാഹലമേട് പൈൻ ഗാർഡൻ റിസർവെന്ന പേരിൽ വാഗമണ്ണിലെ രണ്ടാമത്തെ റിസർവ് വനം വിജ്ഞാപനം ചെയ്തത്.നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ട് മുൻപായിരുന്നു വിജ്ഞാപനം.
ഈ റിസർവ് വനത്തിൽ ഉൾപ്പെട്ട ഭൂമി 1985 മുതൽ വനം വകുപ്പിന്റെ കൈവശമുള്ളതാണെന്നാണ് ഇതിൽ പറയുന്നത്.
എന്നാൽ സർക്കാരിന്റെ ഈ വാദം കളവാണെന്ന് വില്ലേജ് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. 1985 കാലയളവിൽ വാഗമണ്‍ വില്ലേജിന്റെ പരിധിയിൽ വനംവകുപ്പിന് ഭൂമി കൈമാറിയതിന്റെ രേഖപ്പെടുത്തലുകൾ രജിസ്റ്ററിൽ ഇല്ല. 87.34 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകിയതിന്റെ വിവരങ്ങൾ മാത്രമാണ് പുറന്പോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് റിസർവുകളുടെയും സെറ്റിൽമെന്റ് ഓഫീസറായി ഇടുക്കി ആർഡിഒയെയാണ് നിയമിച്ചിരിക്കുന്നത്. തങ്ങളുടെ ഭൂമി ഈ റിസർവുകളിൽ ഉൾപ്പെട്ട കാര്യം ഉടമകൾ അറിഞ്ഞിട്ടുണ്ടാകില്ല. അതിനാൽ രേഖകളുമായി സ്ഥലമുടമകൾ് സെറ്റിൽമെന്റ് നടപടിയിൽ പങ്കെടുക്കാനും സാധ്യതകുറവാണ്.
സെറ്റിൽമെന്റ് നടപടികൾ പൂർത്തിയാകുന്നതോടെ ഇവിടെയുള്ള കൈവശക്കാരെയെല്ലാം വനംവകുപ്പ് കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ആകെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ വനമായിട്ടുള്ള ജില്ലയിൽ പുതിയതായി സംരക്ഷിത വനങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്തിനാണെന്ന് ജില്ലയിലെ ഇടതുപക്ഷ നേതൃത്വം വ്യക്തമാക്കണമെന്നും ബിജോ ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ബാബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാനു ഷാഹുൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Bijo Mani natuvisesham local news