കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പാനിഹാട്ടി മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ.
ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരമായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ്നാഥിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തൃണമൂൽ പ്രവർത്തകർ സ്ഥാനാർഥിയെ തടഞ്ഞത്.
ഉത്തര 24 പർഗാനസ് ജില്ലയിലെ പാനിഹാട്ടിയിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്താനെത്തിയ അവശയായ വയോധികയെ സഹായിക്കാൻ രത്ന ദേബ്നാഥ് മുന്നോട്ടുവന്നതാണ് തർക്കത്തിന് കാരണമായത്.
സ്ഥാനാർഥി നേരിട്ട് വോട്ടർമാരോട് പോളിംഗ് ബൂത്തിൽ സംസാരിക്കുന്നത് ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്ത് വളയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ രത്ന ദേബ്നാഥിന് ബൂത്തിനു പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സുരക്ഷാസേന ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി വാഹനത്തിൽ കയറ്റിവിട്ടത്. തന്നെ ഭീഷണിപ്പെടുത്തിയ തൃണമൂൽ പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്ന് രത്ന ദേബ്നാഥ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.