പരവൂർ: സ്പാം കോളുകളും സന്ദേശങ്ങളും ഉപയോക്താക്കൾക്ക് അയയ്ക്കുന്നതു തടയുന്നതിൽ പരാജയപ്പെട്ടതിന് ടെലികോം ഓപ്പറേറ്റർമാർക്കു 150 കോടി രൂപ പിഴ ചുമത്തി ട്രായ്.
2020 മുതൽ കഴിഞ്ഞ വർഷം വരെയുള്ള കാലയളവിലാണ് ഇത്രയും തുക ഫൈൻ ആയി ചുമത്തിയിട്ടുള്ളത്. ഉപഭോക്തൃ പരാതികളിൽ തെറ്റായ പരിഹാര നടപടികൾ എടുത്തതിനാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ കർശന നടപടികൾക്കു മുതിർന്നത്.
ഉപഭോക്തൃ പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുക എന്നതാണ് സ്പാം നിയന്ത്രിക്കുന്ന കാര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്നു ട്രായ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച പരാതികളിൽ ട്രായ് കൃത്യമായ ഓഡിറ്റ് നടത്തുകയുണ്ടായി. ഇതിൽനിന്നും നിരവധി പരാതികൾ തെറ്റായ രീതിയിലാണ് തീർപ്പാക്കിയതെന്നും ട്രായ് അധികൃതർക്കു ബോധ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം മാത്രം 21 ലക്ഷത്തിലധികം സ്പാമർമാരെ ട്രായ് തന്നെ വിഛേദിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2024 ഓഗസ്റ്റ് 13 നു ട്രായ് പുറപ്പെടുവിച്ച പുതിയ നിർദേശത്തിന്റെ ഫലമായി ഏകദേശം 18.8 ലക്ഷം സ്പാമർമാരുടെ കണക്ഷനുകൾ വിഛേദിക്കപ്പെട്ടു. രജിസ്റ്റർ ചെയ്യാത്ത സന്ദേശങ്ങൾ അയയ്ക്കുന്നവർക്ക് എതിരേ കർശന നടപടി എടുക്കാൻ ടെലികോം സേവന ദാതാക്കൾക്കു ട്രായ് അനുമതി നൽകിയിട്ടുണ്ട്. കണക്ഷനുകൾ താത്കാലികമായി നിർത്തിവയ്ക്കുക എന്നതാണ് ഇതിലെ ആദ്യ മാർഗം.
ഉപഭോക്തൃ പരാതികൾ ലഭിച്ചാൽ അയച്ചയാളെ പൂർണമായും ബ്ലാക്ക് ലിസ്റ്റ് ചെയ്യാനും അധികാരം നൽകിയിട്ടുണ്ട്. പരാതികൾ രജിസ്റ്റർ ചെയ്യാൻ ട്രായ് ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാർ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടത്. എന്നിരുന്നാലും 10 അക്ക മൊബൈൽ നമ്പരുകൾ ഉപയോഗിക്കുന്ന രജിസ്റ്റർ ചെയ്യാത്ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിരവധി കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടി.
ഫോണുകളിൽ നമ്പരുകൾ ബ്ലോക്ക് ചെയ്താൽ മാത്രം സ്പാമർമാർക്കെതിരേയുള്ള നടപടികൾ അവസാനിക്കുന്നില്ല. കാരണം സ്പാമർമാർ പതിവായി അവരുടെ നമ്പരുകൾ മാറ്റിയാണ് തട്ടിപ്പുകൾ തുടരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട കോളുകളോ സന്ദേശമോ ലഭിച്ചാൽ ഏഴു ദിവസത്തിനകം ഉപഭോക്താവിനു പരാതി നൽകാൻ അവസരമുണ്ട്. മാത്രമല്ല ഇതിൽ നടപടി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ട്രായ് കർശനമാക്കിയിട്ടുണ്ട്. ഇതിലാണ് ടെലികോം ഓപ്പറ്റേർമാർ വീഴ്ച വരുത്തുന്നത്.
പ്രമോഷണൽ കോളുകളെ ട്രായ് അടുത്തിടെ പല തട്ടുകളിലായി തരം തിരിച്ചിട്ടുമുണ്ട്. ഇത്തരം കോളുകൾക്കു പ്രത്യേക സീരീസ് നമ്പരുകളും അനുവദിച്ചിട്ടുണ്ട്. സാധാരണയുള്ള 10 അക്ക മൊബൈൽ നമ്പരുകളിൽ നിന്നു പ്രമോഷണൽ കോളുകൾ അനുവദനീയമല്ലെന്നും ട്രായ് മൊബൈൽ ഓപ്പറേറ്റർമാർക്കു കർശന നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം 150 കോടി രൂപ പിഴ ചുമത്തിയ നടപടിക്ക് എതിരേ മൊബൈൽ ഓപ്പറേറ്റർമാർ കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
Tags : spam calls block fine TRAI telecom operators