ചങ്ങരംകുളം: പൊന്നാനി ഫിഷിംഗ് ഹാർബറിൽ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 3.30നാണ് ഹാർബറിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ട് കത്തിയത്. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽസെഹ്റ ബോട്ടാണ് കത്തിയത്. പൊന്നാനി തീരദേശ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണമായും അണയ്ക്കാൻ സാധിച്ചില്ല.
തുടർന്ന് പൊന്നാനിയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. എൻജിൻ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു.