അമ്പലപ്പുഴ: കളിക്കുന്നതിനിടെ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകി(11)ന്റെ മൃതദേഹമാണ് പായൽക്കുളങ്ങരയ്ക്കു പടിഞ്ഞാറ് അഞ്ചാലുംകാവ് കടൽത്തീരത്തു കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്കു മുകളിൽ കണ്ടെത്തിയിരുന്നു.കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അഭിഷേക് വൈകുന്നേരം സ്കൂളിൽനിന്ന് വന്ന ശേഷം രണ്ട് സുഹൃത്തുക്കളുമായി കളിക്കാൻ പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെത്തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പോലീസിൽ വിവരം അറിയിച്ചു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെ കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിയുടെ കല്ലിൽ കണ്ടെത്തി.
തോട്ടപ്പള്ളി തീരദേശ പോലീസ് ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും മറ്റു വള്ളങ്ങളിലും തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 4.30ന് കുട്ടി കടലിൽ ഇറങ്ങിയതിന് തെക്കു ഭാഗത്തായി മൃതദേഹം കണ്ടെത്തുകയായി രു ന്നു.
ഇൻക്വസ്റ്റിനു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: അക്ഷര, അർപ്പണ.