അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് പൊലിസ്, ബോംബ് സ്ക്വാഡ്, ഫയർഫോഴ്സ് സംഘങ്ങൾ സ്റ്റേഡിയത്തിലും സ്കൂളുകളിലും പരിശോധന നടത്തി.
അണ്ടർ19 ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ യൂത്ത് ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ ലഭിച്ച ഉടൻ തന്നെ പൊലിസിനെയും സൈബർ ക്രൈം സെല്ലിനെയും വിവരം അറിയിക്കുകയായിരുന്നു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ സുരക്ഷിതമായി വീടുകളിലേക്ക് മാറ്റി. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇരു ടീമുകളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നോടെ താരങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങി.
കഴിഞ്ഞ നാലു മുതൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് എയിൽ ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ-19 ചതുര്‍ദിന മത്സരം നടന്നുവരികയായിരുന്നു. രാവിലെ 11.15ഓടെ അഞ്ചാം ദിന മത്സരം പൂർത്തിയായ ശേഷമാണ് ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടത്.
സ്റ്റേഡിയത്തിൽ നവംബർ 21ന് നടക്കാനിരിക്കുന്ന പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കും ഭീഷണിയുണ്ട്. പരിപാടിക്കെത്തുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന മുന്നറിയിപ്പാണ് സന്ദേശത്തിലുള്ളത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗുജറാത്ത് പൊലിസും സൈബർ ക്രൈം സെല്ലും അന്വേഷണം ഊർജിതമാക്കി.