മലപ്പുറം: കൈക്കൂലി വിവാദത്തില്‍പ്പെട്ട പിണറായി വിജയന് പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.
മുഖ്യമന്ത്രി പദവിയിലിരുന്ന് മകളുടെ വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്തുണ നല്കിയ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അക്കാലത്തെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സത്യ പ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി വിജയന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും നേതാക്കള്‍ ആവശ്യമുന്നയിച്ചു.
പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറി ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സദാദ് കാമ്പ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെഎന്‍ ഷാനവാസ്, മലപ്പുറം മണ്ഡലം ലീഗ് പ്രസിഡന്റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍കുട്ടി മൊറയൂര്‍, ട്രഷറര്‍ സഹല്‍ വടക്കുംമുറി ഭാരവാഹികളായ സലാം വളമംഗലം, അഡ്വ. അഫീഫ് പറവത്ത്, സി.പി. സാദിഖലി, അഡ്വ. കെ.വി. യാസര്‍, സുബൈര്‍ മൂഴിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.