പാലക്കാട്: പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ടിലെ ശിപാർശകൾ അപര്യാപ്തമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ഇന്ന് സമരപ്രഖ്യാപനം ഉണ്ടാകും.
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയതു മൂലം സ്വകാര്യമേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശിപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്ത് സ്വകാര്യ ബസ് ഉടമകൾക്ക് സാന്പത്തികനഷ്ടമുണ്ടാകുന്നു എന്നാണു സമിതിയുടെ കണ്ടെത്തൽ. കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശിപാർശകളാണു റിപ്പോർട്ടിലുള്ളത്.
എന്നാൽ, പ്രതീക്ഷയ്ക്കു വകനൽകുന്ന ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നാണ് ബസുടമകളുടെ പ്രതികരണം. മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നാണ് ഇവർ പ്രധാനമായി ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ യാത്രാനിരക്ക് അഞ്ചു രൂപയാക്കി ഉയർത്തണം. പ്രിയദർശിനി പദ്ധതിക്കു സമാനമായ സീറോ ടിക്കറ്റ് സംവിധാനം സ്വകാര്യബസ് മേഖലയിലും നടപ്പിലാക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
സമരപ്രഖ്യാപനത്തിനു മുന്നോടിയായി ഇന്ന് പാലക്കാട്ട് സംസ്ഥാനതല യോഗം ചേരുമെന്നും സർക്കാർ ചർച്ചയ്ക്കു തയാറായാൽ തുറന്ന സമീപനമുണ്ടാവുമെന്നും ബസുടമകൾ അറിയിച്ചു.