ന്യൂഡൽഹി: സിജെപി സമരത്തിനിടെ പ്രതിഷേധക്കാരെ പൊലിസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ. പ്രതിഷേധക്കാരെയും യുവാക്കളെയും പൊലിസ് നേരിട്ട ദൃശ്യങ്ങൾ വേദനാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ യശോവർധൻ ആസാദിന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
പ്രതിഷേധത്തിനിടെ യുവാക്കളെയും സമരക്കാരെയും പൊലിസ് നേരിട്ട രീതി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യുവ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധക്കാരെ ആക്രമിക്കുന്ന കാഴ്ചകൾ ഏറെ വേദനാജനകമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ പൊലിസ് ജാഗ്രതയോടെയും സംയമനത്തോടെയും പെരുമാറേണ്ടതുണ്ടെന്നും ജസ്റ്റീസ് ഭുയാൻ വ്യക്തമാക്കി.
സർക്കാരിനെ എതിർത്തതിന്റെ പേരിൽ മാത്രം വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ ശിക്ഷാനടപടി പാടില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ സിജെപി പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സ്വതന്ത്ര ഭരദ്വാജിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു രക്ഷാ ദൾ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. തന്റെ പേരും ചിത്രങ്ങളും തെറ്റായി ഉപയോഗിച്ചെന്നും താനുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ സ്വതന്ത്ര ഭരദ്വാജ് പ്രചാരണം നടത്തിയെന്നും ആരോപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ നൽകിയ പരാതിയിലാണ് നടപടി.