National
കോൽക്കത്ത: പശ്ചിമബംഗാളിലെ അന്തരിച്ച സിപിഎം നേതാവ് ബിജോൻ മുഖോപാധ്യായയുടെ കുടുംബവീട്ടിൽനിന്നു തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അശോക്നഗറിനടുത്ത് കല്യാൺഗഡിലെ ഏഴാം വാർഡിലുള്ള പഴയ വീട് പൊളിച്ചുമാറ്റി മണ്ണ് നീക്കുന്നതിനിടെയാണു തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
ഇപ്പോൾ മകളുടെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി മണ്ണ് കുഴിക്കുന്നതിനിടെ ആദ്യം രണ്ട് തലയോട്ടികളാണു ലഭിച്ചത്. കുഴിക്കൽ തുടർന്നതോടെ കൂടുതൽ അസ്ഥികൂടങ്ങൾ ലഭിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. അസ്ഥികൂടങ്ങൾക്ക് വളരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽനിന്നു ലഭിക്കുന്ന വിവരമെന്ന് പോലീസ് പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം ഫോറൻസിക് പരിശോധനയിലൂടെയേ വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു. ബെഡ് റൂമിന്റെ ഭാഗത്തുനിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം മുതൽ ബിജോൻ മുഖോപാധ്യായയും കുടുംബവും ഇവിടെ താമസിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മരണത്തോടെ 2013മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു വെന്നും തൊട്ടടുത്തു താമസിക്കുന്ന ബന്ധു ആഷിഷ് മുഖർജിയും ഭാര്യ മൗസമി മുഖർജിയും പറഞ്ഞു.
പിന്നീട് വീടും സ്ഥലവും മകളുടെ പേരിലായി. മകൾ ഇടയ്ക്ക് ഇവിടെവന്നു താമസിക്കാറുണ്ടായിരുന്നുവെന്നും പഴയ വീട് പൊളിച്ചുമാറ്റി പുതിയതു നിർമിക്കാൻ കരാർ നൽകുകയായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമെന്ന് തൃണമൂൽ എംഎൽഎ
അധകാരത്തിലിരിക്കെ സിപിഎം ബംഗാളിൽ നടത്തിയ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ് തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം വ്യക്തമാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ നാരായണ ഗോസ്വാമി ആരോപിച്ചു. ഒരു നാൾ അശോക് നഗറിനെയും ഹൗറയെയും വിറപ്പിച്ച നേതാവായിരുന്നു ബിജൻ മുഖർജി.
1980കളിൽ അവരുടെ ഗുണ്ടാസംഘം നിരവധി കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കി. മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടി. ഈ അസ്ഥികൂടങ്ങൾ അതിന്റെ തെളിവാണെന്ന് നാരായണ ഗോസ്വാമി പറഞ്ഞു. പ്രദേശത്തെ ഒരു വാട്ടർ ടാങ്കിൽനിന്ന് 2002ൽ അജ്ഞാതമൃതദേഹം കണ്ടെത്തിയിരുന്നുവെന്നും ഗോസ്വാമി പറഞ്ഞു.
2002ലും സമാന സംഭവം
ബംഗാളിലെ മറ്റൊരു സിപിഎം നേതാവും മന്ത്രിയുമായിരുന്ന സുഷാന്താ ഘോഷിന്റെ വെസ്റ്റ് മിഡ്നാപ്പുർ ജില്ലയിലെ വീട്ടിൽനിന്ന് 2002 ജൂണിൽ മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയതിനു പിന്നാലെ2011 ഓഗസ്റ്റിൽ ഘോഷിനെയും ഭാര്യയും പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടെത്തിയ ഏഴ് അസ്ഥികൂടങ്ങളിലൊന്ന് തൃണമൂൽ പ്രവർത്തകനായിരുന്ന അജയ് അചാര്യയുടേതായിരുന്നു. 2002 സെപ്റ്റംബർ മുതൽ കാണാതായ അജയ് ആചാര്യയുടേതാണു അസ്ഥികൂടങ്ങളെന്ന് പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു.
2012 ഫെബ്രുവരി മൂന്നിന് സുഷാന്താ ഘോഷിന് സുപ്രീംകോടതി ജാമ്യം നൽകി. സ്വന്തം ജില്ലയായ പടിഞ്ഞാറൻ മിഡ്നാപ്പുരിലേക്കും പ്രതിനിധീകരിക്കുന്ന ഗാർബെത മണ്ഡലത്തിലേക്കും പോകരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
സുപ്രീംകോടതിയിൽനിന്ന് ഇളവ് നേടി 2020ലാണ് ഇദ്ദേഹത്തിനു സ്വന്തം മണ്ഡലത്തിൽ എത്താനായത്. ഇദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
Kerala
കാസര്‍ഗോഡ്: എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ മർദിച്ച സിപിഎം പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്ക ബീവറേജസ് ഔട്ട്ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്തിന് മർദനമേറ്റ സംഭവത്തിൽ ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം. അജിത്തിനെ സുരേന്ദ്രന് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരേ പേരുള്ള രണ്ടു വോട്ടര്‍മാരുടെ ഫോമുകളില്‍ ഒന്ന് അജിത് എത്തിച്ചുകൊടുത്തപ്പോള്‍ രണ്ടാമത്തെയാളുടെ ഫോം അയല്‍വാസിയെയാണ് നല്കാന് ഏല്പിച്ചത്.
എന്നാല്‍ അയല്‍വാസി ഇതു കൊടുക്കാന്‍ മറന്നുപോയി. എന്തുകൊണ്ടാണ് ഫോം എത്തിച്ചുകൊടുക്കാത്തതെന്ന് സുരേന്ദ്രന് ചോദിച്ചു. ഇതേത്തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.