കേംബ്രിഡ്ജ്: വിശുദ്ധ ഗ്രന്ഥത്തെ അടുത്തറിയാനും ക്രൈസ്തവ വിശ്വാസമൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും കുട്ടികൾക്ക് അവസരമൊരുക്കി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര കത്തോലിക്കാ മിഷനും ഇപ്സ്വിച്ച് മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷനും സംയുക്തമായി സംഘടിപ്പിച്ച മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026 ശ്രദ്ധേയമായി.
കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔർ ലേഡി ഓഫ് ലൂർദ്സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ നടന്ന ഏകദിന ക്യാമ്പിൽ കേംബ്രിഡ്ജ്, ഇപ്സ്വിച്ച് മിഷനുകളിലെ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടെയായിരുന്നു ക്യാമ്പിന് തുടക്കം.
തുടർന്ന് ബൈബിൾ പഠനം, തിരുവചന വിചിന്തനം, ബൈബിൾ കഥകളുടെ അവതരണം, ബൈബിൾ ക്വിസ്, ആക്ഷൻ സോംഗ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങി കുട്ടികളുടെ പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ വിവിധ പരിപാടികൾ നടന്നു.