കൊല്ലങ്കോട്: ഊട്ടറ -പുതുനഗരം പ്രധാന പാതയരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം തള്ളുന്നവരെ പിടികൂടി ഗ്രാമപഞ്ചായത്ത് അധികൃതർ പിഴയടപ്പിക്കണമെന്നാവശ്യം ശക്തം. ഇത്തരം സാമൂഹ്യവിരുദ്ധ നടപടികൾ കുറ്റകരമാണെന്ന് റോഡരികിൽ പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ്നായ്ക്കൾ ചാക്കുകൾ റോഡിൽ വലിച്ചിട്ട് ദുർഗന്ധപൂരിതമാക്കുന്നു.
മഴ ചാറിയാൽ മാലിന്യത്തിൽനിന്നും അതീവദുർഗന്ധമുണ്ടാവുന്നതോടൊപ്പം കൊതുക്ശല്യവുംകൂടി വരികയാണ്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ സോളാർ ലാമ്പും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.