ചാലക്കുടി: ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂർ ഭാഗത്തേക്കുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നു. ഒരാഴ്ചകഴിഞ്ഞു പാലം പൂർണമായി തുറന്നുകൊടുക്കും.
ബെയറിംഗ് മാറ്റുന്ന ജോലികൾ ഇന്നു തീരും. ഇതോടെ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടും. പാലത്തിന്റെ കിഴക്കുഭാഗത്തുളള എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലി തിങ്കളാഴ്ച ആരംഭിക്കും. ഇതു പൂർത്തിയാക്കാൻ അഞ്ചുദിവസംകൂടി വേണ്ടിവന്നേക്കും. ഇതോടെ പാലംപണി പൂർത്തിയാകും.
കഴിഞ്ഞ ഒന്പതിനാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്. എറണാകുളം ഭാഗത്തേക്കുള്ള പുതിയ പാലത്തിലൂടെ രണ്ടുവരിയായിട്ടാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ദേശീയപാതയിൽ ഇതുമൂലം പലപ്പോഴും വൻ ഗതാഗതത്തിരക്കായിരുന്നു. ഇപ്പോൾ, പണിനടക്കുന്ന പാലത്തിലൂടെ ചെറുവാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടുന്നതുമൂലം ഗതാഗതക്കുരുക്കിന് അല്പം അയവുണ്ട്.