ന്യൂഡൽഹി: കാഷ്മീരിനെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരമുള്ള റെയിൽ ലിങ്ക് പദ്ധതിയിൽ നിർണായക നേട്ടം. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ചിനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽ പാലമായ അഞ്ജി ഖാഡ് പാലത്തിലൂടെയും വന്ദേ ഭാരത് എക്സ്പ്രസ്സ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി.
ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-ബനിഹാൾ സെക്ഷനിലെ പരമാവധി ട്രെയിൻ വേഗത മണിക്കൂറിൽ 75 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി ഉയർത്തിയതിന്റെ ഭാഗമായാണ് വടക്കൻ റെയിൽവേ ഈ വേഗത പരിശോധന പൂർത്തിയാക്കിയത്. വേഗത വർധിപ്പിച്ചതോടെ ഡൽഹിയിൽ നിന്ന് കാഷ്മീരിലേക്കുള്ള ട്രെയിൻ യാത്രാസമയം ഗണ്യമായി കുറയും.