ചെങ്ങന്നൂർ: മുൻസിഫ് കോടതിയിൽ മുൻസിഫിനു നേരേ യുവാവിന്റെ വധശ്രമം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വീണ് മുൻസിഫ് അമല ലോറൻസിനും പ്രതിയെ തടയാൻ ശ്രമിച്ച രണ്ടു കോടതി ജീവനക്കാർക്കും പരിക്കേറ്റു.
പ്രതിയായ ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺമോഹനെ (28) കോടതി ജീവനക്കാരും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ നിലവിൽ കോടതിയിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തോടെയാണ് കോടതിയെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് മുൻസിഫിന്റെ ചേമ്പറിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, അമല ലോറൻസ് അല്ലേ? എന്ന് ചോദിച്ച് അക്രമത്തിന് മുതിരുകയായിരുന്നു.
പ്രതിയുടെ ഭാവമാറ്റം കണ്ട് പരിഭ്രാന്തയായ മുൻസിഫ് ചേമ്പറിൽനിന്നും ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഇതിനിടയിൽ തെന്നിവീണാണ് പരിക്കേറ്റത്. തുടർന്ന് പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള ബാർ അസോസിയേഷൻ ഓഫീസിലേക്ക് ഓടിക്കയറിയ അവർ വാതിലടച്ച് അകത്തിരുന്നാണ് രക്ഷപ്പെട്ടത്. ഈ സമയം ഓഫീസിലുണ്ടായിരുന്ന രണ്ടു ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചതോടെ ചേമ്പറിനുള്ളിൽ മൽപ്പിടുത്തമുണ്ടായി.
ആക്രമണത്തിൽ ജീവനക്കാർക്കും പരിക്കേറ്റു. നിലത്തുവീണ ഒരു ജീവനക്കാരന്റെ നെഞ്ചിൽ പ്രതി ക്രൂരമായി ചവിട്ടുകയും ചെയ്തു. പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി മൽപ്പിടിത്തത്തിനിടയിൽ നിലത്തുവീണ് പൊട്ടിച്ചിതറി.
ആക്രമണത്തിനുശേഷം കോടതി വളപ്പിൽനിന്നും റോഡിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതി ജീവനക്കാരും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് ചെങ്ങന്നൂർ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുൻസിഫ് അമല ലോറൻസിനെയും കോടതി ജീവനക്കാരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതിക്കുള്ളിൽ മുൻസിഫിനു നേരേയും ജീവനക്കാർക്കുനേരേയും ഉണ്ടായ അതിക്രമത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ ഇന്നത്തെ കോടതി നടപടികളിൽനിന്നും വിട്ടുനിന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കോടതികളുടെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.