കുഞ്ഞിന്റെ വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ടത്രെ! അതേസമയം, അമ്മയുടെയും അച്ഛന്റെയും ഗന്ധം രണ്ടു രീതിയിലാണു കുഞ്ഞിൽ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ. കുഞ്ഞുമായുള്ള മാതാപിതാക്കളുടെ ബന്ധത്തിൽ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അമ്മയുടെ ഗന്ധം കുഞ്ഞുങ്ങളെ ശാന്തമാക്കാനും, ഉറങ്ങാനും സഹായിക്കും. ഗർഭകാലത്ത് അമ്മയുടെ ഗന്ധവുമായി പൊരുത്തപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ആ ഗന്ധം നൽകുന്ന സുരക്ഷിതത്വം ചെറുതല്ല. എന്നാൽ ഗർഭകാലത്തെ ജൈവികമായ ഈ മുൻതൂക്കം അച്ഛനില്ലെങ്കിലും, അച്ഛന്റെ ശരീരഗന്ധം കുഞ്ഞിന്റെ വളർച്ചയിൽ മറ്റു ചില പങ്കുകൾ വഹിക്കുന്നുണ്ട്. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയിലും സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുന്നതിലും അച്ഛന്റെ ഗന്ധം വലിയ പങ്കുവഹിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
നവജാത ശിശുക്കളിൽ കാഴ്ചയും കേൾവിയും വികസിക്കുന്നതിനു വളരെ മുമ്പേ തന്നെ ഘ്രാണശേഷി വികസിക്കുന്നു. കുഞ്ഞുങ്ങളുടെ വൈകാരിക വികാസത്തെയും സാമൂഹിക പ്രതികരണങ്ങളെയും അമ്മയുടെ ശരീരഗന്ധം സ്വാധീനിക്കുന്നുണ്ടെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അച്ഛന്റെ ശരീരഗന്ധത്തോടുള്ള കുഞ്ഞിന്റെ പ്രതികരണം ഇതുവരെ വിശദമായി പഠിച്ചിരുന്നില്ല. കുഞ്ഞിന്റെ വളർച്ചയിൽ, അച്ഛന്റെ ഇടപെടലുകളെക്കുറിച്ചു സുവ്യക്തമായ ധാരണയേകുന്നതാണു പുതിയ കണ്ടെത്തലുകളെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
നാൽപതോളം അച്ഛൻ-ശിശു ജോഡികളെയാണു ഗവേഷകർ പഠനവിധേയമാക്കിയത്. അച്ഛൻ തുടർച്ചയായി രണ്ടു രാത്രികൾ ധരിച്ച ടി-ഷർട്ടുകൾ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു. അതിനുശേഷം കുഞ്ഞിനെ വിവിധ സാഹചര്യങ്ങളിൽ ഗവേഷകർ നിരീക്ഷിച്ചു. സ്വന്തം അച്ഛനുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം; അപരിചിതനായ ഒരാളുമായി ഇടപെടുമ്പോൾ അച്ഛൻ ധരിച്ച ടി-ഷർട്ട് കണ്ടെയ്നർ തുറന്നു സമീപത്തുവച്ച സാഹചര്യം, ഗന്ധമില്ലാത്ത പുതിയ ടി-ഷർട്ട് കുഞ്ഞിന്റെ സമീപത്തു വച്ചത് എന്നിങ്ങനെ മൂന്നു രീതിയാണു ഗവേഷകർ അവലംബിച്ചത്.