National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തില് വാക്സിനേഷനു ശേഷം പാരസെറ്റാമോളിന് പകരം പ്രമേഹത്തിനുള്ള മരുന്ന് മാറി നല്കിയതിനെത്തുടര്ന്ന് അഞ്ച് കുട്ടികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് ആരോഗ്യവകുപ്പ് വനിതാ ആരോഗ്യ പ്രവര്ത്തകയെ സസ്പെന്ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പൽസാന താലൂക്കിലെ കനാവ് പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിലുള്ള പൽസാന-01 ഉപകേന്ദ്രത്തിൽ മമത ദിവസ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടിക്കിടെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. കാമ്പില് ഏഴ് കുട്ടികളാണ് വാക്സിനേഷൻ എടുത്തത്.
പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കുട്ടികളിലുണ്ടാകുന്ന പനിയും അസ്വസ്ഥതകളും നിയന്ത്രിക്കാനായി സാധാരണയായി നല്കാറുള്ള പാരസെറ്റാമോൾ കിഡ് ടാബ്ലെറ്റുകൾക്ക് പകരം പ്രമേഹരോഗികൾക്ക് നല്കുന്ന രണ്ട് മില്ലിഗ്രാമിന്റെ ഗ്ലിമെപിറൈഡാണ് അഞ്ച് കുട്ടികൾക്ക് മാറി നൽകിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരുന്ന് മാറിയതിനെ തുടര്ന്ന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യനില മോശമായതോടെ അഞ്ച് പേരെയും ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വകുപ്പുതല നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ നിയമങ്ങൾക്കനുസൃതമായി തീരുമാനം എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കാനും ഓരോ പേപ്പർ ഷീറ്റിന്റെയും ഇരുവശവും ഉപയോഗിക്കാനും വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവർത്തക റൂഹി മുഹ്സാബ്. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്്ഷൻ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റൂഫി.
സുസ്ഥിര ഭാവിക്കായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ യുഎൻ ഏഷ്യാ പസഫിക് ആസ്ഥാനമായ ബാങ്കോക്കിൽ നടന്ന ആഗോള സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആറു വയസുകാരിയാണ് റൂഹി മുഹ്സാബ്.
ഒരു സാധാരണ പേപ്പർ കഷണത്തിനു പിന്നിലും ഒരു മരത്തിന്റെ വിഭവമുണ്ടെന്ന ബോധ്യം കുട്ടികളിൽ വളർത്തണം. ഒ
രു വിദ്യാർഥി തന്റെ വിദ്യാഭ്യാസകാലയളവിൽ ശരാശരി 8,500 പേപ്പർ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്.
ഏകദേശം അഞ്ചു മരങ്ങളിൽനിന്നുള്ള പേപ്പറിനു തുല്യമാണിത്. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ഒരു കോടി വിദ്യാർഥികൾ സ്കൂൾ- കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനാൽ പേപ്പറിന്റെ ഉപയോഗം പരിസ്ഥിതിയിൽ വലിയ ആഘാതം സൃഷ്ടിക്കുന്നുവെന്നും റൂഹി ചൂണ്ടിക്കാട്ടി.
അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്്ഷൻ കൗൺസിൽ പ്രസിഡന്റ് ഫാ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു. എ.ടി. ബോസ്, സൗരവ് കപൂർ, ശശികുമാർ ബംഗളൂരു, പി.എസ്. രാമചന്ദ്രൻ പിള്ള, സറോഷ് ഏബ്രഹാം, ജേക്കബ് ജോർജ്, കെ. ശ്രീകുമാർ, വീരേന്ദ്രസിംഗ് ഹരിയാന, ഹരികുമാർ, സുരേഷ് ചന്ദ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: സൈബര് സുരക്ഷയ്ക്കായി കേരള പൊലിസിന്റെ നേതൃത്വത്തില് സംഘിപ്പിക്കുന്ന കൊക്കൂണിനോടനുബന്ധിച്ചുള്ള കുട്ടികളുടെ കിഡ് ഗ്ലൗവ് സമ്മിറ്റ്2026 ഒക്ടോബര് എട്ടിനു കൊച്ചിയില് നടക്കും.
ലേ മെറിഡിയനില് സംഘടിപ്പിക്കുന്ന പരിപാടിയില് വിദ്യാര്ഥികള്ക്കു പുറമേ രക്ഷിതാക്കള്, അധ്യാപകര്, വിദ്യാഭ്യാസ വിദഗ്ധര്, പൊലിസ് ഉദ്യോഗസ്ഥര് തുടങ്ങിയവരും പങ്കെടുക്കും.
കുട്ടികള്ക്കു ഡിജിറ്റല് ലോകം സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കാന് സഹായിക്കുന്ന കേരള പൊലിസിന്റെ കുട്ടികളുടെ സൈബര് സുരക്ഷാ പദ്ധതിയാണു കിഡി ഗ്ലൗവ്.
സൈബര് സുരക്ഷയെക്കുറിച്ച് അറിവുള്ള കുട്ടികള്, കാര്യങ്ങള് മനസിലാക്കി പ്രവര്ത്തിക്കുന്ന രക്ഷിതാക്കള്, ഉത്തരവാദിത്വമുള്ള അധ്യാപകര്, കുട്ടികള്ക്കാവശ്യമായ സഹായം നല്കുന്ന ശക്തമായ ഒരു സംവിധാനം എന്നിവ ഒരുക്കുകയാണു പ്രധാന ലക്ഷ്യം.
ഇതിനു മുന്നോടിയായി ഒക്ടോബര് ഏഴിനു കടവന്ത്ര ടോക്എച്ച് സ്കൂളില് 175 വിദ്യാര്ഥികള് പങ്കെടുക്കുന്ന മോഡല് യുണൈറ്റഡ് നേഷന്സ് (എംയുഎന്) പരിപാടിയും നടക്കും.
വിവിധ അന്താരാഷ്ട്ര നിയമനിര്മാണ വേദികളുടെ മാതൃകയില് നടക്കുന്ന ചര്ച്ചകളിലൂടെ വിദ്യാര്ഥികള്ക്കു പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും ആശയങ്ങള് പങ്കുവയ്ക്കാനും അവസരം ലഭിക്കും.
Kerala
തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുള്ള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്.
മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണമായ അവകാശം ഉണ്ടായിരിക്കും.
മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസിൽ നിന്ന് മാറ്റി നിർത്തുവാനോ വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പോ സിബിഎസ്ഇയോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ അടിയന്തിരമായി തയാറാക്കണമെന്നും ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ഗോത്ര, തീരദേശ മേഖലകളിലെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് അവര്ക്കായി പ്രത്യേക കര്മപദ്ധതികള് തയാറാക്കി നടപ്പാക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
പൊതുവായ വികസനപദ്ധതികള്ക്കപ്പുറം ഓരോ മേഖലയുടെയും സവിശേഷതകള് പരിഗണിച്ചുള്ള ആവശ്യാധിഷ്ഠിത ശിശുവികസന പദ്ധതികള് വേണമെന്നാണു കമ്മിഷന്റെ നിര്ദേശം.
ഇതുസംബന്ധിച്ച് പട്ടികജാതി -പട്ടികവര്ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ - ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് കമ്മിഷന് നിര്ദേശം നല്കി.
ഈ മേഖലകളിലെ കുട്ടികളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, പോഷകാഹാര, ഭാഷാ, സാംസ്കാരിക, മാനസിക ആവശ്യങ്ങള് പരിഗണിച്ചുള്ള സമഗ്ര വികസനപദ്ധതികളുടെ അഭാവം നിലനില്ക്കുന്നുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്. ഒരേ രീതിയിലുള്ള പൊതുപദ്ധതികള് ഈ കുട്ടികളുടെ യഥാര്ഥ ജീവിതസാഹചര്യങ്ങളിലേക്ക് പൂര്ണമായി എത്തുന്നില്ലെന്നും കമ്മിഷന് വിലയിരുത്തി.
ഗോത്രമേഖലകളിലെ മാതൃഭാഷ, തനത് സംസ്കാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്, ജീവിതരീതി, ഉപജീവനരീതി തുടങ്ങിയ ഘടകങ്ങള് പലപ്പോഴും പൊതുപദ്ധതികളില് വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. ഇതിന്റെ പ്രതിഫലനം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക സുരക്ഷയിലും ഉണ്ടാകുന്നതായാണു കമ്മിഷന്റെ നിരീക്ഷണം.
കുട്ടികൾക്ക് തുല്യമായ അവസരങ്ങള് ഉറപ്പാക്കണം
ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പോഷകാഹാരം, ശിശുസംരക്ഷണം, വിനോദം, പഠനാനുബന്ധ പ്രവര്ത്തനങ്ങള് എന്നിവയില് ഈ മേഖലയിലെ കുട്ടികള്ക്ക് തുല്യമായ അവസരങ്ങള് ഉറപ്പാക്കണമെനന്നും ബാലാവകാശകമ്മീഷൻ നിർദേശിച്ചു.
നിലവിലുള്ള പോരായ്മകള് പരിഹരിക്കപ്പെടാത്തപക്ഷം സ്കൂള്ഹാജര് കുറയല്, പഠനം ഉപേക്ഷിക്കല്, പഠന പിന്നാക്കാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള് വര്ധിക്കാനുള്ള സാധ്യതയുണ്ടെന്നും കമ്മിഷന് ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ടു മാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഇതിനായി ആരോഗ്യ-കുടുംബക്ഷേമം, സാമൂഹിക നീതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സമിതിക്ക് രൂപംനൽകി ചർച്ചകളും അഭിപ്രായങ്ങളും സ്വരൂപിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. പരാതി ഗൗരവതരവും അടിയന്തര പ്രാധാന്യം അർഹിക്കുന്നതുമാണ്.
ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾ പ്രയാസങ്ങൾ അനുഭവിക്കുന്നു എന്നത് വ്യക്തമാണ്.
ഇക്കാര്യത്തിൽ സാമൂഹികനീതിവകുപ്പ് ആരോഗ്യവകുപ്പിന് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ ചിലത് ഇതാണ്: നിർദിഷ്ട വരുമാനപരിധിയിലുള്ള ഭിന്നശേഷിക്കാർക്ക് വീടിനുസമീപം തന്നെ സൗജന്യ ചികിത്സ ഉറപ്പാക്കണം. ആശുപത്രികളിൽ തടസങ്ങളില്ലാതെ പ്രവേശിക്കാൻ ഇവർക്ക് കഴിയണം.
ഭിന്നശേഷിക്കാർക്ക് ചികിത്സയിൽ മുൻഗണന നൽകണം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് ആശുപത്രി പ്രവേശനം വേണ്ടിവരുമ്പോൾ പ്രത്യേക വാർഡുകൾ റിസർവ് ചെയ്യണം.
ഭിന്നശേഷിക്കാർക്ക് പൊതുസ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ക്യൂ നൽക്കേണ്ടതില്ലെന്ന സാമൂഹികനീതി വകുപ്പിന്റെ സർക്കുലർ ആരോഗ്യവകുപ്പ് കർശനമായി നടപ്പിലാക്കണം. ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് വേണ്ടി സംയോജിത പുനരധിവാസ ഗ്രാമം പദ്ധതി ആരംഭിക്കണം.
ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
മുക്കം: തന്റെ വാർഡിലെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊടിയത്തൂർ പഞ്ചായത്തംഗം എം.പി. ജുമൈല. വാർഡിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ കുട്ടികൾക്കുള്ള ജേഴ്സി വിതരണത്തിന് തുടക്കം കുറിച്ചാണ് പദ്ധതിയാരംഭിച്ചത്.
കായികരംഗത്ത് കുട്ടികളുടെയും യുവാക്കളുടെയും കഴിവുകൾ വളർത്തുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് എം.പി. ജുമൈല പറഞ്ഞു. വാർഡിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
റഷീദ് ചേപ്പാലി, ഇ.എ. നാസർ, ഫസൽ കൊടിയത്തൂർ, സലാം എള്ളങ്ങൾ, മജീദ് എള്ളങ്ങൾ, ഹനീഫ ദിൽബാബ്, ഹസൻ കുട്ടി കല്ലങ്ങോട്ട്, അനസ് കാരാട്ട്, അബ്ദുറഹ്മാൻ കണിയാത്ത്, ജംഷീദ് കണിയാത്ത്, അഹ്മദ് കുട്ടി തടായിൽ എന്നിവർ സംബന്ധിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ഗോവിന്ദ്പുരയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി. ഗീത (40), മക്കളായ നന്ദിനി, ഗൗരി, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവും പെൺകുട്ടികളുടെ പിതാവുമായ രാഹുൽ ആണ് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
വെള്ളിയാഴ്ച രാവിലെ പത്തിനാണ് വിവരം പുറത്തറിയുന്നത്. വീട്ടിൽ നിന്ന് ആരേയും പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാരും ബന്ധുക്കളും പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് എത്തുമ്പോൾ പ്രതിയുടെ പിതാവ് ലക്ഷിനാഥ് വീട്ടിലുണ്ടായിരുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇഷ്ടികയും രക്തസാമ്പിളുകളും ഫോറൻസിക് സംഘം ശേഖരിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
18 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്ന് പ്രതികരണം തേടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മറ്റ് രാജ്യങ്ങളിലേതുപോലെ കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണമെന്നതും പ്രസക്തമാണ്.
ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 1872ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 11 പ്രകാരം കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ അർഹത കുട്ടികൾക്കില്ല.
ഈ സാഹചര്യം നിലനിൽക്കെ യാതൊരു പ്രായനിയന്ത്രണവുമില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്വതന്ത്രമായി അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് സാധിക്കുന്നത് വിരോധാഭാസമായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ ഇ-കെവൈസി വഴിയുള്ള അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും ഹർജിക്കാർ ആവശ്യപ്പെട്ടു.
കുട്ടികളെ ഡിജിറ്റൽ ലോകത്തുനിന്ന് പൂർണമായും ഒഴിവാക്കണമെന്നല്ല മറിച്ച് സുരക്ഷിതമായ, നിയമപരമായ സംവിധാനങ്ങളിലൂടെ അവരുടെ പ്രവേശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.
സമാന രീതിയിലുള്ള ഹർജികൾ ഇതിനുമുമ്പും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല.
വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും പാർലമെന്റ് നിയമനിർമാണം നടത്തട്ടെ എന്നുമായിരുന്നു കോടതി പൊതുവെ സ്വീകരിച്ച നിലപാട്. അതേസമയം കൃത്യമായ പ്രായപരിശോധനയും രക്ഷിതാക്കളുടെ നിയന്ത്രണവും ഉറപ്പാക്കണമെന്ന് പലപ്പോഴായി സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പൊലിസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിള് പ്ലാന്റേഷന് നഗറിലെ വീട്ടില് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
വിപിന് ലാല് എന്നയാളാണ് ഭാര്യയെ വീട്ടില് നിന്ന് ഇറക്കിവിട്ട് രണ്ട് മക്കളെ ഡീസല് ഒഴിച്ച് കൊലപ്പെടുത്താന് ശ്രമിച്ചത്. ഗ്യാസ് സിലിണ്ടറും തുറന്നിട്ടിരുന്നു. അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താന് ശ്രമിച്ചത്. തുടര്ന്ന് വിവരമറിഞ്ഞ പൊലിസ് പട്രോളിംഗിലുണ്ടായിരുന്ന പൊലിസുകാര്ക്ക് വിവരം നല്കുകയും വീട്ടിലെത്തുകയുമായിരുന്നു. ഫയര്ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ഒരു മണിക്കൂറാളം പൊലിസ് ഇയാളുമായി സംസാരിച്ചു. എന്നിട്ടും വഴങ്ങിയില്ല. തുടര്ന്ന് വിപിന് ലാലിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
Kerala
കൊച്ചി: കരുവാറ്റയിലെ വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രായപൂര്ത്തിയാകാത്ത മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില് വിട്ട ജുവനൈല് ജസ്റ്റീസ് ബോര്ഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ബോര്ഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൂന്നു പ്രതികളും നല്കിയ ഹര്ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്. കുട്ടികളുടെ മാനസികനില പോലും പരിശോധിക്കാതെയാണു കര്ശന ഉപാധികളോടെയാണെങ്കിലും പൊലിസ് കസ്റ്റഡിയില് വിടാന് ബോര്ഡ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്ജിയില് പറയുന്നു.
ഒബ്സര്വേഷന് ഹോമില് പാര്പ്പിച്ചിരുന്ന കുട്ടികളെ റെയില്വേ, ബസ് സ്റ്റാന്ഡ് പോലുള്ള സ്ഥലങ്ങളില് തെളിവെടുപ്പിന്റെ പേരില് കൊണ്ടുപോകാന് ബോര്ഡിന്റെ ഉത്തരവ് ഇടയാക്കും. ഈ സാഹചര്യത്തില് ജെജെ ബോര്ഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്ജിയിലെ ആവശ്യം.
സര്ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്ജി വീണ്ടും നാളെ പരിഗണിക്കാന് മാറ്റി. ഓഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടില് കൊല്ലപ്പെട്ടനിലയില് കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13 കാരി ആവശ്യപ്പെട്ടപ്രകാരം കൗമാരക്കാരായ പ്രതികള് വയോധികനെ കൊലപ്പെടുത്തിയതെന്നാണു കേസ്.
International
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തത്തിൽ കാണാതായത് അറുനൂറോളം കുട്ടികളെ. റസുവ, നുവകോട്ട് ജില്ലകളിൽനിന്നാണ് പ്രളയം കുരുന്നുകളെ കവർന്നത്. റസുവ ജില്ലയിൽ മാത്രം 280 കുട്ടികളെ കണ്ടെത്താനുണ്ട്. നുവാകോട്ടിൽ 300നും 350നും ഇടയിൽ കുട്ടികൾ കാണാതായിട്ടുണ്ട്.
പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 1,282 ആയി. ഇനിയും 4,700 പേരെ കാണാനുണ്ട്. കാണാതായവർക്കുവേണ്ടി സുരക്ഷാസേനയുടെ സംയുക്ത കമാൻഡ് തെരച്ചിൽ നടത്തിവരികയാണ്.
കാണാതായ വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നുവാക്കോട്ട് വിദ്യാഭ്യാസ വികസന, ഏകോപന യൂണിറ്റ് മേധാവി സൂര്യ ബഹാദൂർ ഖത്രി പറഞ്ഞു. നുവാകോട്ടിലെ ബിദൂര് നഗരസഭാ പ്രദേശത്തു മാത്രം 250 കുട്ടികളെ കാണാതായിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ രക്ഷിതാക്കളെ അന്വേഷിച്ച് കുട്ടികളും കുട്ടികളെ അന്വേഷിച്ച് രക്ഷിതാക്കളും എത്തുന്നുണ്ടെന്നു നഗരസഭാ വിദ്യാഭ്യാസ യൂണിറ്റ് പ്രവര്ത്തകര് മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാര്ഥികൾ മാത്രമല്ല, ഇരു ജില്ലകളിലുമായി 22 അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും നഷ്ടമായിട്ടുണ്ട്. റസുവയിൽ 16 അധ്യാപകരെയും നുവാകോട്ടിൽ ആറ് അധ്യാപകരെയുംകുറിച്ച് വിവരമില്ല. റസുവ, നുവാക്കോട്ട്, ധാഡിംഗ് എന്നീ ജില്ലകളിലായി 22 സ്കൂളുകളെയാണ് പ്രളയം ബാധിച്ചത്. 12 വിദ്യാലയങ്ങൾ പൂർണമായും നശിച്ചു.
National
ന്യൂഡല്ഹി: ബാലവേലയില്നിന്ന് 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രസർക്കാർ. വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല് കമ്മീഷന് ഫോര് പ്രൊട്ടക്ഷന് ഓഫ് ചൈല്ഡ് റൈറ്റ്സിന്റെ (എന്സിപിസിആര്) രക്ഷാ-പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കാമ്പയിൻ വഴിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ് 12നാണ് കാമ്പയിൻ ആരംഭിച്ചത്. ഓഗസ്റ്റ് 31വരെ കാമ്പയിന്റെ ഭാഗമായി 575ലധികം എഫ്ഐആറുകള് രജിസ്റ്റര് ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബാലവേലയിലെ ഇരകളും മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയാകാന് സാധ്യതയുള്ളവരുമായ കുട്ടികളെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള് ഊര്ജിതമാക്കുന്നതിനായി സംസ്ഥാന സര്ക്കാരുകള്, കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്, ജില്ലാ മജിസ്ട്രേറ്റുമാര്, തൊഴില് വകുപ്പുകള്, പൊലിസ് അധികൃതര്, മറ്റു പങ്കാളികള് എന്നിവരുമായി ചേര്ന്ന് എന്സിപിസിആര് ഏകോപിത നടപടികള് ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹർ പോൾ കുഞ്ഞുങ്ങളുമായി ജീവനൊടുക്കി. നൽദുർഗ് കോട്ടയിലെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മൂന്ന് മക്കൾക്കൊപ്പം അശ്വിനി ചാടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അശ്വിനിയും രണ്ട് മക്കളും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മൂന്ന് മക്കളുമായി കോട്ടയിലെത്തിയ അശ്വിനി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. അപകടത്തിൽ അഞ്ച് വയസുകാരനായ മകൻ അജിങ്ക്യ, ഇരട്ടക്കുട്ടികളിൽ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവരാണ് അമ്മയോടൊപ്പം മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടി ചികിത്സയിലാണ്. ഭർതൃവീട്ടിൽ നിന്നുള്ള കടുത്ത മാനസിക-ശാരീരിക പീഡനമാണ് മകൾ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അശ്വിനിയുടെ പിതാവ് ആരോപിച്ചു.
കായികരംഗത്ത് വലിയ നേട്ടങ്ങൾ കൊയ്ത അശ്വിനി മഹാരാഷ്ട്രയിലെ പെൺപുലി' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ദേശീയ തലത്തിൽ ഗുസ്തി മത്സരങ്ങളിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും നേടിയ താരമാണ്.
Kerala
തിരുവനന്തപുരം: അങ്കണവാടിയിൽ കുട്ടികൾക്ക് അമൃതം ന്യൂട്രിമിക്സില് പഞ്ചസാര പൂര്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ. കുട്ടികളുടെ ആഹാരത്തില് പഞ്ചസാര ചേര്ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില് ശര്ക്കര ഉള്പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ഉത്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്സ് അളവ് നിശ്ചയിക്കണമെന്നും ആവശ്യമുന്നയിച്ചു. അമൃതം പൊടിയുടെ പാക്കേജില് പോഷക വിവരങ്ങള് രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്.
കുട്ടികള്ക്ക് നല്കേണ്ട അളവും പാക്കേജില് കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവര്ത്തകര്ക്കും ഗുണഭോക്താക്കള്ക്കും ബോധവല്ക്കരണം നടത്തുമെന്നും കമ്മീഷന് അറിയിച്ചു.
അമൃതം പൊടിയില് 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആറുമാസം മുതല് മൂന്നു വയസുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന് ദിവസം 135 ഗ്രാം എന്ന കണക്കില് പലഹാരമായോ കുറുക്കിയോ നല്കാമെന്നതാണ് അംഗനവാടികളില് നിന്നു നല്കുന്ന നിര്ദേശം.
Leader Page
ചോർന്നൊലിക്കുന്ന മേൽക്കൂരകളും ശുചിമുറികളുടെ അഭാവവും കുടിവെള്ളമില്ലാത്ത ദിനങ്ങളും സഹിക്കാവുന്നതിനും അപ്പുറമായപ്പോൾ ആ കുരുന്നുകൾ പഠനമുറി വിട്ട് തെരുവിലിറങ്ങി. രാഷ്ട്രീയ പാർട്ടികളുടെ കൊടികളോ മുതിർന്നവരുടെയോ അധ്യാപകരുടെയോ കൈത്താങ്ങോ ഇല്ലാതെ, സ്വന്തം ഭാവി സംരക്ഷിക്കാൻ ഭരണകൂടത്തിനു മുന്നിലേക്ക് അവർ നിശ്ചയദാർഢ്യത്തോടെ നടന്നുചെന്നു.
ഉത്തർപ്രദേശും മധ്യപ്രദേശും ബിഹാറും മുതൽ മഹാരാഷ്ട്രയും രാജസ്ഥാനും വരെയുള്ള പത്തോളം സംസ്ഥാനങ്ങളിലാണ് 2010നു ശേഷം ജനിച്ച ‘ജെൻ ആൽഫ’ തലമുറയുടെ പ്രക്ഷോഭങ്ങൾ രണ്ടുമാസമായി കൊടുങ്കാറ്റായി വീശുന്നത്.ഡിജിറ്റൽ സാങ്കേതികവിദ്യയിലും സോഷ്യൽ മീഡിയയിലും വളർന്ന ഈ തലമുറ വളരെ വേഗത്തിലാണു സമരങ്ങൾ ഏകോപിപ്പിക്കുന്നത്.
ദേശീയ തലത്തിൽ ശ്രദ്ധ നേടിയ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുണ്ടായ യുവജന സമരങ്ങളാണ് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ഈ കൊച്ചുകൂട്ടങ്ങൾക്ക് പ്രചോദനമായത്. യുഎൻ കൺവൻഷനും ഇന്ത്യൻ ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന ശുദ്ധജലം, വൃത്തിയുള്ള ശുചിമുറികൾ, പോഷകാഹാരം, സുരക്ഷിതമായ സ്കൂൾ യാത്ര തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥയ്ക്കെതിരേയാണ് ഇവരുടെ പോരാട്ടം.
കുട്ടികളുടെ സമരം ശക്തമായതോടെ കളക്ടർമാരും ജനപ്രതിനിധികളും നേരിട്ടെത്തി നിവേദനങ്ങൾ സ്വീകരിക്കാനും ഉറപ്പുകൾ നൽകാനും നിർബന്ധിതരായി. കുട്ടികളുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ കാണണമെന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതർ അടിയന്തര വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും നടപ്പിലാകും വരെ പോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഈ കൊച്ചു സമരക്കാർ.
സമരച്ചൂടിൽ വിവിധ സംസ്ഥാനങ്ങൾ
മധ്യപ്രദേശ്: ഉജ്ജൈനിൽ തങ്ങളുടെ സ്കൂൾ 6-10 കിലോമീറ്റർ അകലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ മുന്നൂറിലേറെ പെൺകുട്ടികൾ കളക്ടറേറ്റിനു മുന്നിൽ നടത്തിയ കുത്തിയിരിപ്പു സമരം ഒടുവിൽ വിജയം കണ്ടു. യാത്രച്ചെലവും സുരക്ഷാ ആശങ്കകളും ഉന്നയിച്ച സമരത്തിനൊടുവിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദേശപ്രകാരം കുട്ടികൾക്ക് നിലവിലെ കാമ്പസിൽത്തന്നെ പഠനം തുടരാൻ കളക്ടർ റോഷൻ കുമാർ സിംഗ് ഉത്തരവിട്ടു.
വിദിഷയിലെ സിറോഞ്ചിൽ സ്വകാര്യ ബസ് നിരക്ക് 10-15 രൂപയിൽനിന്ന് ഒറ്റയടിക്ക് 25 രൂപയായി വർധിപ്പിച്ചതിനെതിരേ കന്യ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ബസ് സ്റ്റാൻഡിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ജനപ്രതിനിധികളും ഭരണകൂടവും ഇടപെട്ടതോടെ കുട്ടികളിൽനിന്ന് പഴയ നിരക്കുതന്നെ ഈടാക്കാൻ ഉത്തരവായി.
എൻസിഇആർടിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളുകൾ കേന്ദ്രീയ വിദ്യാലയ സംഘാടനുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഭോപ്പാലിൽ നാനൂറോളം വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ ബോധനരീതികൾ വികസിപ്പിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി 1965 ഡിസംബറിൽ ഭോപ്പാൽ, അജ്മീർ, മൈസൂരു, ഭുവനേശ്വർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഈ സ്ഥാപനങ്ങൾ കെവിഎസിന്റെ ഭാഗമാകുന്നതോടെ തനിമയും ഗുണനിലവാരവും നഷ്ടപ്പെടുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏഴിലെ എൻസിഇആർടി ഉത്തരവിനെതിരേ ഡിഎംഎസിനെ രക്ഷിക്കുക, ഞങ്ങൾക്കു നീതി ലഭ്യമാക്കുക തുടങ്ങിയ പ്ലക്കാർഡുകളേന്തി എത്തിയ കുട്ടികൾ റീജണൽ കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്.കെ. ഗുപ്തയ്ക്ക് നിവേദനം നൽകി. ലയനനീക്കം ഉപേക്ഷിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ഉത്തർപ്രദേശ്: ഫത്തേപ്പുരിൽ ശുചിമുറിയും ഫാനുകളും ആവശ്യപ്പെട്ട് 1,500 കുട്ടികൾ ആറു മണിക്കൂർ ധർണ നടത്തിയപ്പോൾ, കനൗജിൽ മോശം ഭക്ഷണത്തിനെതിരേ കുട്ടികൾ ഹോസ്റ്റലിൽ അടച്ചിരുന്നു. തകർന്ന റോഡ് നന്നാക്കാൻ ഹമീർപുരിൽ 300 കുട്ടികൾ ആറു കിലോമീറ്റർ നടന്ന് കളക്ടറേറ്റിലേക്കു മാർച്ച് നടത്തി.
മറ്റു സംസ്ഥാനങ്ങൾ: ബിഹാറിലെ ഗയയിൽ ഉച്ചഭക്ഷണ ക്ഷാമത്തിനെതിരേ കുട്ടികൾ തെരുവിലിറങ്ങിയപ്പോൾ, മഹാരാഷ്ട്രയിലും രാജസ്ഥാനിലും അധ്യാപകരുടെ കുറവിനെതിരേ ക്ലാസുകൾ ബഹിഷ്കരിച്ചായിരുന്നു കുട്ടികളുടെ പ്രതിഷേധം.
ജെൻസി പ്രക്ഷോഭത്തിന്റെ സ്വാധീനം
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളും അതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതും ഇളമുറക്കാരായ വിദ്യാർഥികൾക്ക് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പ്രചോദനമായി.
നിയമപരമായ അവകാശങ്ങൾ കടലാസിലൊതുങ്ങുന്ന പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ദുരവസ്ഥ തുറന്നുകാട്ടാൻ ‘കോക്രോച്ച് ജനതാ പാർട്ടി’ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽനിന്ന് "സ്കൂൾ ഠീക് കരോ'എന്ന പേരിൽ രാജ്യവ്യാപക സാമൂഹിക ഓഡിറ്റിംഗിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിജെപി പ്രവർത്തകർ സ്കൂളുകളിലെത്തി ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുന്നു. ഇതോടെ വിറളിപൂണ്ട ചില സംസ്ഥാന സർക്കാരുകൾ, പുറത്തുനിന്നുള്ളവർ സ്കൂളുകളിലെത്തി വീഡിയോ ചിത്രീകരിക്കുന്നത് തടഞ്ഞിരിക്കുകയാണ്. ‘സ്കൂൾ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഔസയ്ക്കടുത്തുള്ള സ്കൂളിൽ പ്രവേശിച്ചതിന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കെതിരേ അധികൃതരുടെ നിർദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായതോടെ ശ്രദ്ധാകേന്ദ്രമായ ജയ്പുർ രാംപുരയിലെ സർക്കാർ പ്രൈമറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സിജെപി കാന്പയിനിന്റെ ഭാഗമായുള്ള സ്കൂൾ സന്ദർശനം ഗ്രാമവാസികളുമായി സംഘട്ടനത്തിൽ കലാശിച്ചതിന്റെ പിറ്റേദിവസം രാത്രി വൈകിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
കണക്കുകളിലെ തട്ടിപ്പും യാഥാർഥ്യവും
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 35 കുട്ടികൾക്ക് ഒരു അധ്യാപകൻ വേണമെന്നിരിക്കെ, രാജ്യത്തെ ഒരു ലക്ഷത്തിലധികം സ്കൂളുകൾ ഒരൊറ്റ അധ്യാപകനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മറുഭാഗത്ത്, കുട്ടികളേയില്ലാത്ത 5,663 സ്കൂളുകളിൽ 20,000ത്തിലേറെ അധ്യാപകർ ജോലി ചെയ്യുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ "യുഡിഐഎസ്ഇ പ്ലസ്’ കണക്കുകൾ പ്രകാരം രാജ്യത്തെ 99% സർക്കാർ സ്കൂളുകളിലും ശുചിമുറിയും 99.6% സ്കൂളുകളിൽ ശുദ്ധജലവുമുണ്ട്. എന്നാൽ സമരം ചെയ്യുന്ന വിദ്യാർഥികൾ പുറത്തുവിടുന്ന തത്സമയ ദൃശ്യങ്ങൾ ഈ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ്.
സ്കൂളുകളിലെ ദുരവസ്ഥ തുറന്നെഴുതിയാൽ ജോലി പോകുമെന്ന ഭയത്താൽ പ്രധാന അധ്യാപകർ വിവരശേഖരണ പോർട്ടലുകളിൽ വ്യാജ വിവരങ്ങൾ രേഖപ്പെടുത്തുന്നതാണ് ഈ വൻ അന്തരം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനിലെ പിപ്ലോഡി ഗവ. സ്കൂളിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിച്ച സംഭവം ഇതിനൊരു ഉദാഹരണമാണ്. ഈ കെട്ടിടത്തിന് കേടുപാടുകൾ ഇല്ലെന്നാണ് പോർട്ടലിൽ രേഖപ്പെടുത്തിയിരുന്നത്.
National
ന്യൂഡല്ഹി: നാലു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷം, അലര്ജി, മൂക്കടപ്പ്, കണ്ണില്നിന്നു വെള്ളം വരിക തുടങ്ങിയ അസുഖങ്ങള്ക്കുള്ള മരുന്നുകള്ക്ക് നിയന്ത്രണമേര്പ്പെടുത്തി കേന്ദ്രസര്ക്കാര്.
ക്ലോര്ഫെനിറാമിന് മാലിയേറ്റും ഫെനൈല്ഫ്രൈന് ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള് ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്പ്പെടുത്തിയത്. രാജ്യത്തെ ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ മരുന്നുകളുടെ നിര്മാണം, വിൽപന, വിതരണം എന്നിവയ്ക്ക് കേന്ദ്രസര്ക്കാരിന്റെ കര്ശന നിര്ദേശങ്ങള് പാലിക്കണം.
നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്ക്ക് ഈ മരുന്നുകള് നല്കാന് പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പുകള് മരുന്നിന്റെ ലേബലുകളിലും പായ്ക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യപ്രചാരണങ്ങളിലും പ്രദര്ശിപ്പിക്കണമെന്ന വ്യവസ്ഥയും നിര്ബന്ധമാക്കി.
നേരത്തേ 2025 ഏപ്രില്15ലെ വിജ്ഞാപനപ്രകാരം ക്ലോര്ഫെനിറാമിന് മാലിയേറ്റും ഫെനൈല്ഫ്രൈന് ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള്ക്ക് പ്രായപരിധി മുന്നറിയിപ്പോടെ സർക്കാർ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു.
പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള്ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.ഈ മരുന്നുകള് കുഞ്ഞുങ്ങളില് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്കു വഴിവച്ചേക്കുമെന്ന് ഡ്രഗ്സ് ടെക്നിക്കല് അഡ്വൈസറി ബോര്ഡും വിദഗ്ധസമിതിയും കേന്ദ്രസര്ക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരത്തിലുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള് നാലു വയസിന് താഴെയുള്ള കുട്ടികളില് ആരോഗ്യപ്രശ്നങ്ങള്ക്കു കാരണമായേക്കാമെന്നും കൂടുതല് സുരക്ഷിതമായ ബദല് മരുന്നുകള് ലഭ്യമാണെന്നും സര്ക്കാര് ചൂണ്ടിക്കാട്ടി.
Leader Page
സാമൂഹിക മാധ്യമങ്ങള് ലോകം ഭരിക്കുന്ന കാലത്ത് ആളുകള് ഒരു ചെറിയ സ്ക്രീനിലേക്ക് ഒതുങ്ങി. കുട്ടികള് മുതല് പ്രായമായവര് വരെ ഇതിന്റെ മോഹവലയത്തിലാണ്. വെറുമൊരു വിനോദോപാധിയായി മാത്രമല്ല; മറിച്ച്, ആളുകളുടെ ദൈനംദിന ദിനചര്യകളെയും പെരുമാറ്റത്തെയും ചിന്തയെയും സമൂഹ മാധ്യമങ്ങൾ ആഴത്തില് സ്വാധീനിക്കുന്നു.
സമയം കളയാന്വേണ്ടി വെറുതെ കയറി നോക്കിയിട്ട് ഇപ്പോള് അതില്നിന്ന് ഇറങ്ങാന് പറ്റാത്ത അവസ്ഥയിലാണ് പലരും. ഉറക്കം, സുഹൃത്തുക്കളുമായുള്ള സംസാരങ്ങള് എല്ലാം താളംതെറ്റിയിരിക്കുന്നു. തങ്ങൾ ഡിജിറ്റൽ ലോകത്തിലെ തടവുകാരാണെന്നും സമൂഹമാധ്യമ അടിമയാണെന്നും ഇക്കൂട്ടർ തിരിച്ചറിയാതെ പോകുന്നു.
കണക്കുകള് പറയുന്ന സത്യം
കുട്ടികളില് മാനസികാരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നതിനും സുരക്ഷാവീഴ്ചകള്ക്കും എതിരേ മെറ്റ (ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം) പോലുള്ള വലിയ കമ്പനികള്ക്ക് കോടതികള് കോടിക്കണക്കിന് രൂപ പിഴ വിധിക്കുകയും കര്ശന നടപടികള് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങള്, കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് യുഎസ്എയിലെ ഒറിഗോണ് ഹെല്ത്ത് ആൻഡ് സയന്സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരുടെ പഠനം കണ്ടെത്തിയിരുന്നു. മിക്ക സമൂഹ മാധ്യമങ്ങളിലും അക്കൗണ്ട് സൃഷ്ടിക്കാന് കുറഞ്ഞ പ്രായപരിധി 13 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശരാശരി ഒമ്പത് വയസാകുമ്പോള്തന്നെ കുട്ടികള് കയറിപ്പറ്റുന്നു. മാതാപിതാക്കളുടെ അറിവോടെയും അറിവില്ലാതെയുമാണ് ഈ നുഴഞ്ഞുകയറ്റം.
ഒമ്പത് വയസുള്ള കുട്ടി ദിവസവും ഏകദേശം 30 മിനിറ്റ് സമൂഹ മാധ്യമത്തില് ചെലവഴിക്കുന്നു. ഇത് 13 വയസുള്ളവര്ക്ക് 2.5 മണിക്കൂറാണ്. 2025ല് ഒറിഗോണ് ഹെല്ത്ത് ആൻഡ് സയന്സ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണിത്. ഇപ്പോള് 2026 പകുതി കഴിഞ്ഞിരിക്കുന്നു. കാലം മാറി, കണക്കുകളും. ഇന്ഫിനിറ്റ് സ്ക്രോള് പോലുള്ള ഫീച്ചറുകള് ആളുകളെ മണിക്കൂറുകളോളം സമുഹമാധ്യമ തടവിലാക്കുന്നു. സമയവും കാലവും ദേശവും അറിയുന്നില്ല. ചുറ്റുപാടും ചുറ്റുമുള്ളവരെയും അറിയുന്നില്ല. ഡിജിറ്റൽ മനുഷ്യരും മഴയും കാറ്റും വെളിച്ചവുമൊക്കെയുള്ള മറ്റൊരു ലോകത്തിൽ അവർ വിരാജിക്കുന്നു. ചിലർ അവിടുത്തെ അഴുക്കുചാലിൽ വീഴുന്നു, മടങ്ങിവരാനാകാതെ മുങ്ങിപ്പോകുന്നു.
നിരോധനമോ നിയന്ത്രണമോ?
കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം ദോഷകരമാണെന്നതില് രണ്ടഭിപ്രായമില്ല. എന്നാല്, ഇത് സമ്പൂര്ണമായി നിരോധിക്കണോ അതോ നിയന്ത്രിക്കണോ എന്നത് ലളിതമായൊരു ചോദ്യമല്ല. വിരല്ത്തുമ്പില് ലഭിക്കുന്ന വിജ്ഞാനവും ലോകവും ഒറ്റയടിക്ക് വേരോടെ മുറിച്ചുമാറ്റിയാല് അതിന്റെ പ്രത്യാഘാതം വലുതായിരിക്കും.
തന്റെ പ്രതിഭ ലോകത്തിനു മുന്നില് അവതരിപ്പിക്കാനും അംഗീകാരം നേടാനും മികച്ചൊരു വേദിയായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ സര്ഗാത്മക കഴിവുകള് ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കുന്നവരുണ്ട്. അവര്ക്കു മുന്നില് അവസരങ്ങളുടെ വാതില് കൊട്ടിയടയ്ക്കുന്നത് നീതിയല്ല.
നിയമത്തിന്റെ കടിഞ്ഞാണ്
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര് കുറ്റകൃത്യങ്ങളും വ്യാജവാര്ത്തകളും തടയുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങള് കര്ശന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതും കൊണ്ടുവരുന്നതും. പ്രത്യേകിച്ച്, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബര് കുറ്റകൃത്യങ്ങളും വ്യാജവാര്ത്തകളും തടയുന്നതിനുമാണ് ഇത്തരം നിയമങ്ങള്.
കുട്ടികളെ അടിമപ്പെടുത്തുന്ന രീതിയിലുള്ള ഇന്ഫിനിറ്റ് സ്ക്രോള്, നോട്ടിഫിക്കേഷനുകള്, ഡോപാമൈന്-മാനിപുലേറ്റിംഗ് ഫീച്ചറുകള് എന്നിവ മാറ്റാന് കമ്പനികള്ക്കുമേല് സമ്മര്ദം ഏറിവരുന്നു. കുട്ടികള് വ്യാജവിവരങ്ങള് നല്കി അക്കൗണ്ടുകള് ഉണ്ടാക്കുന്നത് തടയാന് കര്ശനമായ പ്രായപരിശോധനാ സംവിധാനങ്ങള് കൊണ്ടുവരാന് ടെക് കമ്പനികളോട് കോടതികളും സര്ക്കാരുകളും ആവശ്യപ്പെടുന്നുണ്ട്.
പരിഹാരം നിരോധനമല്ല, ബോധപൂര്വമായ നിയന്ത്രണം
ലളിതമായ നിരോധനങ്ങള്ക്ക് അപ്പുറത്തേക്ക് കാര്യങ്ങള് ചിന്തിക്കേണ്ട സമയമാണിത്. നിരോധനത്തിനു പകരം നിയന്ത്രണമാണ് ഉത്തമം. കൗമാരക്കാര്ക്ക് ലഭ്യമാകുന്ന അനുഭവങ്ങളും അല്ഗോരിതങ്ങളും എന്താണെന്ന് മനസിലാക്കാനും നിയന്ത്രിക്കാനും രാഷ്ട്രീയ നേതൃത്വവും ഗവേഷകരും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും കൗമാരക്കാരുംതന്നെ ആവശ്യപ്പെടുന്നുണ്ട്.
എങ്കിലും, ഇതിനെക്കുറിച്ചുള്ള വ്യക്തമായ മാര്ഗനിര്ദേശങ്ങള് ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഡിജിറ്റല് സാക്ഷരത കുട്ടികള്ക്ക് സ്കൂള്തലത്തില് തന്നെ നല്കണം.
മാതാപിതാക്കള് ഓണ്ലൈന് ഇടപെടലുകളില് ആരോഗ്യകരമായ നിരീക്ഷണം പുലര്ത്തുകകൂടി ചെയ്താൽ കുട്ടികൾ ഡിജിറ്റൽ തടവറയിൽ അകപ്പെടുന്നതിൽനിന്നു തടയാനാകും.
National
പാറ്റ്ന: സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ സോപ്പുപൊടി ചേർത്തതിനെത്തുടർന്ന് 34 വിദ്യാർഥികൾ ആശുപത്രിയിലായി. ബിഹാറിലെ നളന്ദ ജില്ലയിലെ പാർസ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ശക്തമായ ഛർദിയും വയറുവേദനയുമുണ്ടാകുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കഴിച്ച ഭക്ഷണത്തിന് സോപ്പുപൊടിയുടെ മണമുണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു.
ബിഹാർഷെരിഫ് സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കുട്ടികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയതായും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നളന്ദ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹേംചന്ദ്ര പ്രതികരിച്ചു.
സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഒരു സന്നദ്ധ സംഘടനയാണ്. ഈ ഭക്ഷണം മറ്റൊരു സ്കൂളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് ഒരു അധ്യാപകൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞതിനെ തുടർന്ന് ചില വിദ്യാർഥികൾ ആവശ്യപ്പെട്ടതനുസരിച്ച്, ഉപ്പാണെന്നു തെറ്റിദ്ധരിച്ച് അധ്യാപകർ സോപ്പുപൊടി നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കൂടുതൽ കുട്ടികൾ ഛർദിക്കാൻ തുടങ്ങിയതോടെ അധ്യാപകർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികചൂഷണവും അതിക്രമങ്ങളുമടങ്ങിയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരം സമൂഹമാധ്യമങ്ങൾ അധികൃതരെ അറിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
2012ലെ പോക്സോ നിയമപ്രകാരവും അതിലെ ചട്ടങ്ങൾ പ്രകാരവും കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടെന്ന് 2024 സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമപരമായ ഇത്തരം മുൻകരുതലുകൾ പാലിക്കാത്ത ഇടനിലക്കാർക്ക് ഐടി നിയമത്തിലെ സെക്ഷൻ 79 നൽകുന്ന സംരക്ഷണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
District News
കൊല്ലം: ഗതാഗതനിയമാവബോധം കുട്ടികളില് വളര്ത്തുംവിധമുള്ള പദ്ധതികള്ക്ക് പ്രാധാന്യം നല്കുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ ഹെല്മെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ടൗണ് യുപി സ്കൂളില് സംഘടിപ്പിച്ച ബോധവല്ക്കരണ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി.
ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം. ഹെല്മെറ്റ് ഉള്പ്പടെയു
ള്ള സുരക്ഷാമുന്കരുതലുകള് ഉറപ്പാക്കുകയുംവേണം. നിരത്തുകളില് അപകടങ്ങള് പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുന്കൈയെടുക്കണം. പുതിയ ഗതാഗതസംസ്കാരം രൂപപെടുത്തേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാന് വിദ്യാര്ഥികള് മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് ഷീബ ആന്റണി അധ്യക്ഷയായി. സെക്രട്ടറി ഡി. ഷൈന്ദേവ്, കൊല്ലം എഎസ്പിഎസ് ഷാജി, ജോയിന്റ് ആര്ടിഒ ആര്.ശരത്ചന്ദ്രന്, പിടിഎ പ്രസിഡന്റ് ആര്. വൈശാഖ്, വിദ്യാര്ഥികള്, അധ്യാപകര് തുടങ്ങിയവര് പങ്കെടുത്തു.
District News
മൂലമറ്റം: മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടമായവർക്ക് കുരുന്നുകളുടെ കൈത്താങ്ങ്. വിവിധ മത്സരങ്ങളിൽനിന്നു ലഭിച്ച സമ്മാനത്തുകയാണ് ദുരിതം അനുഭവിക്കുന്നവർക്കായി നൽകിയത്.
ഐഎച്ച്ഇപി സ്കൂളിലെ ക്യാന്പിൽ കഴിയുന്നവർക്കാണ് മൂലമറ്റം എസ് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നിലും അഞ്ചിലും പഠിക്കുന്ന സഹോദരിമാരായ ദയ മോനിഷ്, ഇനായ മോനിഷ് എന്നിവർ സാന്ത്വന സ്പർശനം പകർന്നത്.
National
ന്യൂഡൽഹി: തനിക്കെതിരേ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച കുട്ടികൾക്കെതിരേ ക്ഷമിക്കുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കെതിരേ വിമർശനവുമായി കോൺഗ്രസ്.
മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമ്പോൾ ആത്മാഭിമാനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പ്രധാനമന്ത്രി നമ്മുടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ചകളിലും വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ ക്രൂരമായ നടപടികളിലും അയോധ്യ സംഭാവനക്കൊള്ളയിലും നോട്ട് നിരോധനം പോലെയുള്ള തുഗ്ലക് മാതൃക തീരുമാനങ്ങളിലും മുഴുവൻ രാജ്യവും പ്രധാനമന്ത്രിയുടെ ക്ഷമാപണം ആവശ്യപ്പെടുമ്പോൾ ജീവശാസ്ത്രപരമല്ലെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഇരവാദം ഉയർത്താൻ താത്പര്യപ്പെടുകയാണെന്ന് ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുവാക്കളോട് ക്ഷമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വീഡിയോ മോദി സർക്കാരിന്റെ കാലയളവിൽ കഷ്ടതകൾ അനുഭവിച്ച യുവതയ്ക്കും മുഴുവൻ രാജ്യത്തിനും അപമാനമാണ്. പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം പ്രസംഗങ്ങൾക്ക് ഇനി ആരെയും കബളിപ്പിക്കാൻ കഴിയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
International
സിഡ്നി: ഓസ്ട്രേലിയയിൽ കുട്ടികൾക്കേർപ്പെടുത്തിയ സോഷ്യൽമീഡിയ നിരോധനം ഫലപ്രദമാകുന്നില്ല. 16നു താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ട് തുടങ്ങാനും പഴയ അക്കൗണ്ട് നിലനിർത്താനും കഴിയുന്നുവെന്നാണു കണ്ടെത്തൽ.
ലോകത്താദ്യമായി കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ഡിസംബർ 12നാണു പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മൂന്നുമാസത്തെ അടിസ്ഥാനമാക്കി ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ഇസേഫ്റ്റി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ പ്രായം നിർണയിക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കാത്തതാണു പ്രധാന കാരണമെന്ന് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനു മുന്പ് ഇസേഫ്റ്റി നടത്തിയ സർവേയിൽ പങ്കെടുത്ത 16നു താഴെയുള്ള കുട്ടികളിൽ 85.9 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി അറിയിച്ചിരുന്നു. നിരോധനം നടപ്പാക്കി മൂന്നു മാസത്തിനുശേഷം നടത്തിയ സർവേയിൽ ഇത് 81.5 ശതമാനമായി. വളരെച്ചെറിയ കുറവു മാത്രമാണുണ്ടായത്. അക്കൗണ്ടുകൾ നിലനിർത്തുന്നതായും പുതിയവ തുടങ്ങുന്നതായും കുട്ടികൾ വെളിപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കാൻ നടപടികൾ എടുക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ മാതൃ കന്പനിയായ മെറ്റ അടക്കമുള്ളവർക്കെതിരേ ഇസേഫ്റ്റി നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി (കാൻജ്) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ക്രാഡിൽസ് ടു ക്രയോൺസ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് സേവന പരിപാടി സംഘടിപ്പിച്ചു.
ന്യൂജഴ്സിയിലെയും ഫിലഡൽഫിയയിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കാൻജിലെ നിരവധി കുടുംബങ്ങൾ സാമ്പത്തിക സംഭാവനകൾ നൽകിയും ക്രാഡിൽസ് ടു ക്രയോൺസിന്റെ ആമസോൺ ഉൾപ്പെടുത്തിയിരുന്ന ആവശ്യസാധനങ്ങൾ വാങ്ങി സംഭാവന ചെയ്തും ഈ ഉദ്യമത്തിൽ പങ്കാളികളായി.
പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, യൂത്ത് അഫയേഴ്സ് ലീഡ് ശ്രീകുമാർ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ സംഘം ഫിലാഡൽഫിയയിലെ ക്രാഡിൽസ് ടു ക്രയോൺസിന്റെ ഗിവിംഗ് ഫാക്ടറി സന്ദർശിച്ച് സേവനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
Kerala
തൊടുപുഴ: വിദേശ മലയാളി ദമ്പതികളുടെ ആറും ഒന്നും വയസുള്ള കുട്ടികൾക്ക് അകാരണമായി ബോര്ഡിംഗ് പാസ് നിഷേധിച്ച ഖത്തർ എയര്വെയ്സ് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് ഉത്തരവ്. 45 ദിവസത്തിനുള്ളില് തുക നല്കാത്തപക്ഷം പരാതി നൽകിയ തീയതി മുതൽ തുക നൽകുന്നതുവരെ ഒമ്പതു ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവില്പറയുന്നു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശി പുതുവീട്ടിൽ റോഷൻ ജോസും ഭാര്യ വിനയയുടെയും മക്കൾക്കാണ് ഖത്തർ എയർവെയ്സിൽ നിന്നും ദുരനുഭവം ഉണ്ടായത്. നാട്ടിൽ അവധി ആഘോഷിച്ച ശേഷം മടങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആറ് വയസുകാരൻ റോണിന് മതിയായ യാത്ര രേഖയില്ലെന്ന് കാട്ടി ഖത്തർ എയർവെയ്സ് ബോർഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ തടസമൊന്നുമില്ലായിരുന്നുവെന്നും ബോർഡിംഗ് പാസ് അനുവദിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
കുടുംബത്തെ യാത്രയാക്കാൻ വന്ന ബന്ധുക്കൾക്കൊപ്പം കണ്ണൂരിലേക്ക് കുട്ടിയെ തിരിച്ചയച്ച് ദമ്പതികൾ ഒരു വയസുകാരൻ റെയിനുമായി ദോഹയ്ക്ക് പറന്നു. ദോഹയിൽ എത്തി വെനീസിലേക്കുള്ള വിമാനത്തിൽ കയറാൻ യാത്രാ രേഖകൾ ഹാജരാക്കിയപ്പോൾ ഒരു വയസുകാരനും മതിയായ രേഖയില്ലെന്ന് ആരോപിച്ച് ബോർഡിംഗ് പാസ് നിഷേധിച്ചു.
കൊച്ചിയിൽ നിന്നും യാത്രയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തർക്കത്തിനൊടുവിൽ ബുക്ക് ചെയ്തിരുന്ന വെനീസ് വിമാനം ദമ്പതികളെയും കുട്ടിയെയും കൂട്ടാതെ പറക്കുകയും ചെയ്തു. പിന്നീട് റോഷനും ഒരു വയസുകാരൻ മകനും ദോഹയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ഭാര്യ വിനയ മറ്റൊരു വിമാനത്തിൽ വെനീസിലേക്ക് പോകുകയും ചെയ്തു.
നാട്ടിലെത്തി കുട്ടികൾക്ക് യാത്രാനുമതി നിഷേധിച്ച ഖത്തർ എയർവെയ്സിനെതിരേ റോഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അനാവശ്യ തർക്കങ്ങളുണ്ടാക്കി കുട്ടികൾക്ക് യാത്രാനുമതി നൽകാതിരുന്നത് നീതി നിഷേധമാണെന്നും ഖത്തർ എയർവെയ്സ് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഡി.ബി. ബിനു പ്രസിഡന്റും രാമചന്ദ്രൻ, ടി.എന്. ശ്രീവിദ്യ എന്നിവര് അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷനാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്, അഭിജിത് സി. ലാല് എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
National
ന്യൂഡൽഹി: കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന സോഹോ സിഇഒ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച മകൻ ഇഷാൻ തരൂരിന് കിടിലൻ മറുപടിയുമായി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ. കുട്ടികൾക്ക് മുൻപ് പഴയ ചിന്താഗതിക്കാരായ മുതിർന്നവരെയാണ് (ബൂമർമാർ) വാട്ട്സ്ആപ്പിൽ നിന്ന് നിരോധിക്കേണ്ടത് എന്ന ഇഷാന്റെ പോസ്റ്റിനാണ് ശശി തരൂർ തന്റെ തനത് ശൈലിയിൽ മറുപടി നൽകിയത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന ആശയത്തോട് താൻ പൂർണമായും യോജിക്കുന്നുണ്ടെന്നും, എന്നാൽ മറ്റെന്ത് ചെയ്യുന്നതിന് മുൻപും ഇന്ത്യയിലെ 'ബൂമർ'മാരെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ആദ്യം വേണ്ടതെന്നുമായിരുന്നു ഇഷാൻ എക്സിൽ കുറിച്ചത്. ഇതിന് മറുപടിയായി, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ജനനനിരക്കും രീതികളും വെച്ചുനോക്കുമ്പോൾ നിന്റെ തലമുറ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും 'ബേബി ബൂമർ'മാർ ആണെന്നായിരുന്നു ശശി തരൂരിന്റെ രസകരമായ മറുപടി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-നും 1964-നും ഇടയിൽ ജനിച്ചവരെയാണ് സാധാരണയായി 'ബേബി ബൂമേഴ്സ്' എന്ന് വിളിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ചിന്താഗതികൾ വെച്ചുപുലർത്തുകയും ആവശ്യമില്ലാതെ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരെ പരിഹസിക്കാൻ യുവാക്കൾക്കിടയിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് 'ബൂമർ'. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും സ്കൂളുകളിൽ മൊബൈൽ ഫോണും നിരോധിച്ചുകൊണ്ട് ഫ്രഞ്ച് പാർലമെന്റ് പാസാക്കിയ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധർ വെമ്പുവിന്റെ പ്രതികരണം.
ഇന്ത്യയിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്നും, ഫോൺ സ്ക്രീനുകളിൽ നിന്ന് മാറി കുട്ടികൾ പുസ്തകങ്ങൾ വായിക്കാനും മണ്ണിലിറങ്ങി കളിക്കാനും തയ്യാറാകണം എന്നുമായിരുന്നു ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയൊരു ചർച്ച തന്നെ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. പൗരന്മാരുടെ വ്യക്തിജീവിതത്തിൽ സർക്കാർ ഇടപെടേണ്ടതില്ല എന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, കുട്ടികളുടെ ഭാവിക്കായി ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് മറുവിഭാഗം പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് കുട്ടികൾ മരിച്ചു. വിജയപുര ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സമീപത്തെ വനമേഖലയിൽ കുട്ടികൾ കന്നുകാലികളെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടാതെ 17 എരുമകളും എട്ട് ആടുകളും അടക്കം 25 കന്നുകാലികളും ചത്തു.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: സ്കൂൾ കുട്ടികൾക്കായി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരങ്ങളിലൊന്നായ ദീപിക-ഡിസിഎൽ കളർ ഇന്ത്യ സീസൺ അഞ്ചിൽ സ്പെഷൽ സ്കൂൾ കുട്ടികൾക്കായി പ്രത്യേക മത്സരം.
ഭിന്നശേഷി വിഭാഗത്തിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കുള്ള രജിസ്ട്രേഷന് മൊഡ്യൂളിൽ പ്രത്യേക സൗകര്യമുണ്ടാകും.
പ്രേമലു, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ കാമ്പസുകളുടെ പ്രിയങ്കരിയായി മാറിയ മമിത ബൈജുവിന്റെ കൈയൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകളാണ് ഇത്തവണ കളർ ഇന്ത്യ വിജയികളെ കാത്തിരിക്കുന്നത്.
മത്സരത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച അവസാനിക്കും. 14 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ മെഗാ പെയിന്റിംഗ് മത്സരത്തിൽ ഈ വർഷം പങ്കാളികളാകുന്നത്. മിക്ക സംസ്ഥാനങ്ങളിൽനിന്നും പങ്കാളിത്തമുണ്ട്.
ദീപികയുടെ 140-ാം വാർഷികവും രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് ഈ വർഷത്തെ മത്സരം.
കോഴിക്കോട് കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഫോഗി മൗണ്ടൻ അമ്യൂസ്മെന്റ് പാർക്ക് ആൻഡ് റിസോർട്ട്സിൽ ഒരു ദിവസം മുഴുവൻ സൗജന്യമായി ചെലവഴിക്കാനുള്ള പ്രവേശന പാസ് അടക്കം നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
സ്കൂളിലെ ആകെയുള്ള വിദ്യാർഥികളിൽ 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ മത്സരത്തിൽ പങ്കാളികളാക്കുന്ന സ്കൂളുകളെ ‘80-ാം സ്വാതന്ത്ര്യദിന ആഘോഷ പ്രത്യേക പുരസ്കാരം’ നൽകി ആദരിക്കും. എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് ഓഗസ്റ്റ് ഏഴിന് അതത് സ്കൂളുകളിലാണ് മത്സരം.
RDLERP.com എന്ന വെബ്സൈറ്റ് പോർട്ടൽ വഴിയോ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ സ്കൂളുകൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാം.
International
പാരീസ്: 15നു താഴെ പ്രായമുള്ളവർക്കു സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ചു.
15നു താഴെ പ്രായമുള്ളവർക്കു സെപ്റ്റംബർ മുതൽ പുതിയ അക്കൗണ്ട് തുറക്കാനാവില്ല. നിലവിൽ 15നു താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനരഹിതമാകുന്നതോടെ നിരോധനം പൂർണമാകും.
പ്രായം പരിശോധിക്കാനായി ഫ്രഞ്ച് സർക്കാർ നല്കുന്ന നിർദേശങ്ങൾ സോഷ്യൽ മീഡിയ കന്പനികൾ പാലിക്കേണ്ടിവരും.
ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.
Business
കൊച്ചി: കാൻസർബാധിതരായ 14 വയസിനു താഴെയുള്ള കുട്ടികൾക്ക് സഹായവുമായി വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
അനഹതം എന്നപേരിലുള്ള പദ്ധതിയിൽ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തുന്ന 30 കുട്ടികൾ ഗുണഭോക്താക്കളാകും. മൂന്നു ലക്ഷത്തിൽ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുവേണ്ടിയാണ് പദ്ധതി.
കാൻസർബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടാകുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഹ് എന്ന എൻജിഒയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
National
ബംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മാരുതി ലേഔട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), രക്ഷ (എട്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെയും കുട്ടികളുടെയും വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ മുത്തശിയുടെ വീട്ടിലേക്ക് അയച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
International
ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.
Kerala
കൊച്ചി: ബിഹാറില് നിന്നും ബാലവേലയ്ക്കെത്തിച്ച ഒമ്പതു ആണ്കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ കൊച്ചിയില് എത്തിച്ച രണ്ടു ബിഹാര് സ്വദേശികളെ റെയില്വേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര് സ്വദേശികളായ ഡബ്ലുനാട്ട് (35), സുനില് മൊണ്ടാല് (22) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്ക് മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. കുട്ടികളെ എത്തിക്കാന് ആവശ്യപ്പെട്ട മലയാളി ഏജന്റിനായി തെരച്ചില് തുടരുകയാണ്. ബിഹാറില് നിന്നു ഞായറാഴ്ച പുലര്ച്ചയോടെയാണ് പട്ന-എറണാകുളം സൂപ്പര് ഫാസ്റ്റ് എക്സ്പ്രസില് എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് കുട്ടികളെ എത്തിക്കുന്നത്.
സംശയകരമായ സാഹചര്യത്തില് കണ്ടെത്തിയ കുട്ടികള് ഉള്പ്പെട്ട പതിനൊന്നംഗ സംഘത്തെ ആര്പിഎഫ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്തതോടെയാണ് കുട്ടികളെ ബാലവേലയ്ക്ക് വേണ്ടി എത്തിച്ചതാണെന്ന വിവരം ലഭിക്കുന്നത്.
മലയാളി ഏജന്റ് ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടികളെ കൊണ്ടുവന്നത് എന്നാണ് ബിഹാര് സ്വദേശികളുടെ മൊഴി. ചൈല്ഡ് വെല്ഫയര് ഹോമില് പാര്പ്പിച്ച കുട്ടികളെ ഇന്ന് ചൈല്ഡ് വെല്ഫയര് കമ്മിറ്റിക്ക് മുന്നില് ഹാജരാക്കും.
Kerala
കണ്ണൂർ: സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോറിക്ഷയും ഓടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകൾ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല.
കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഇനി ഓടരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കണ്ണൂർ ഇരിക്കൂരിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.
District News
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുഴുവൻ വിദ്യാർഥികളും വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് സ്കൂളിലെത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളും ജേഴ്സി അണിഞ്ഞ് ബാൻഡ്മേളത്തിന്റെ താളത്തിനൊപ്പം ഡാൻസ് കളിച്ച് ഫുട്ബോൾ ആവേശം വാനോളമുയർത്തി. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എ.ജെ. ബിജോയി അധ്യക്ഷത വഹിച്ചു. റോബിൻ വർഗീസ്, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
International
കാബൂൾ: യുദ്ധക്കെടുതികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിട്ടൊഴിയാത്ത അഫ്ഗാനിസ്ഥാനിൽ ലക്ഷക്കണക്കിന് കുരുന്നുകളുടെ ജീവൻ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫിന്റെ മുന്നറിയിപ്പ്.
അഞ്ചു വയസിനു താഴെയുള്ള 37 ലക്ഷം കുട്ടികളാണ് രാജ്യത്ത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നത്. യുണിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അഫ്ഗാൻ നേരിടുന്ന അതിഭീകരമായ ഈ ഭക്ഷ്യ പ്രതിസന്ധി വ്യക്തമാക്കുന്നത്.
അഫ്ഗാനിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പട്ടിണിയും പോഷകാഹാരക്കുറവും അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തുന്നത്. രാജ്യത്ത് ആകെയുള്ള 34 പ്രവിശ്യകളിൽ 26 ഇടങ്ങളിലും പോഷകാഹാരക്കുറവ് കഴിഞ്ഞ വർഷത്തേക്കാൾ ഭയപ്പെടുത്തുന്ന രീതിയിലാണ് വർധിച്ചിരിക്കുന്നത്. വിശപ്പും രോഗങ്ങളും കാരണം കുട്ടികളുടെ ശരീരഭാരം അസാധാരണമായി കുറയുന്ന അവസ്ഥയാണ് ഇവിടെ കണ്ടുവരുന്നത്. ആവശ്യത്തിന് ആഹാരം ലഭിക്കാത്തതും കുടിവെള്ളത്തിന്റെ ദൗർലഭ്യവുമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും രണ്ടു വയസിനു താഴെയുള്ള കുട്ടികളാണെന്നു യുണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ 83 ശതമാനവും ഈ പ്രായപരിധിയിൽ വരുന്നവരാണ്. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാരണങ്ങൾ പലത്;പരിഹാരം അടിയന്തരം
ഭക്ഷ്യക്ഷാമത്തിന് പുറമേ രാജ്യത്ത് നിലനിൽക്കുന്ന മറ്റ് ചില പ്രതിസന്ധികളും പ്രതിസന്ധി ഇരട്ടിയാക്കുന്നു. സാംക്രമിക രോഗങ്ങളും പ്രതിരോധ കുത്തിവയ്പുകളുടെ കുറവും സ്ഥിതി വഷളാക്കുന്നു. ഇതിനു പുറമേ, കുടിവെള്ളത്തിന്റെയും ശുചിത്വ സംവിധാനങ്ങളുടെയും അഭാവവും വിദേശസഹായങ്ങളുടെയും മെഡിക്കൽ ഫണ്ടുകളുടെയും കുറവും സ്ഥിതി ഗുരുതരമാക്കുന്നു.
Kerala
കോഴിക്കോട്: മുന് വര്ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്ഷം സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ അതിക്രമങ്ങള് താരതമ്യേനെ കുറഞ്ഞുവെന്നു പോലീസിന്റെ കണക്കുകള്.
ഈ വര്ഷം ആറു മാസം പിന്നിട്ടപ്പോള് സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്ക്ക്, കഴിഞ്ഞവര്ഷത്തേതിന്റെ ഏകദേശം മൂന്നിലൊന്നു കേസുകളെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ വര്ഷം ജൂണ് 30 വരെ പോലീസ് രജിസ്റ്റര് ചെയ്തത് 6736 കേസുകളാണ്. 2025 ല് 12 മാസം കൊണ്ട് 18305 കേസുകള് രജിസ്റ്റര് ചെയ്തിരുന്നു.
കുട്ടികള്ക്കെതിരായ അതിക്രമങ്ങള്ക്ക് 5537 കേസുകളാണ് 2025ല് രജിസ്റ്റര് ചെയ്തത്. ഈ വര്ഷം ജൂണ് 30 വരെയുള്ള കണക്കുകള് പ്രകാരം 1886 കേസുകളാണ് സംസ്ഥാനമൊട്ടാകെ രജിസ്റ്റര് ചെയ്തത്.
2023 മുതല് സംസ്ഥാനത്ത് സത്രീകള്ക്കെതിരായ അതിക്രമങ്ങളില് നേരിയ കുറവുണ്ടെന്നും കണക്കുകള് വ്യക്തമാക്കുന്നു. 2023ല് 18980, 2024ല് 18887 എന്നിങ്ങനെയാണ് പോലീസ് കേസുകള്.
2020 മുതലുള്ള കഴിഞ്ഞ അഞ്ചു വര്ഷത്തിനിടയില് 2023ലാണ് കുട്ടികള്ക്കെതിരായ കൂടുതല് അതിക്രമങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്; 5903. 2024 ല് ഇത് 5140 ആയി കുറഞ്ഞു. 2025 ല് 4753 പോക്സോ കേസുകള് രജിസ്റ്റര് ചെയ്ത സ്ഥാനത്ത് ഈ വര്ഷം അഞ്ചു മാസം കൊണ്ട് 1776 കേസുകളേ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
2025ല് 4753 പോക്സോ കേസുകള് രജിസ്റ്റര് ചെയ്തിരുന്നു. ഈ വര്ഷം അഞ്ചുമാസംകൊണ്ട് പോലീസ് രേഖകളിലുള്ളത് 1776 കേസുകള് മാത്രമാണ്. പ്രത്യേക കാലയളവു വച്ച് കണക്കുകൂട്ടുമ്പോള് താരതമ്യേനെ ഈ വര്ഷം പോക്സോ കേസുകള് കുറവാണെന്നു കാണാം.
പോക്സോ കേസുകള് മലപ്പുറത്തും തിരുവനന്തപുരം പോലീസ് റൂറലിലുമാണു കൂടുതല്. മലപ്പുറത്ത് ആറു മാസം കൊണ്ട് 1792 കേസുകളും തിരുവനന്തപുരം റൂറലില് 1573 കേസുകളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആറു വര്ഷങ്ങളായി നേരിയ തോതില് ബലാത്സംഗ കേസുകള് വര്ധിച്ചുവരുകയാണ്. 2025ല് 2,952 ഇത്തരം കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഈ വര്ഷം ആദ്യ അഞ്ചു മാസത്തിനുള്ളില് 1,071 കേസുകളേ രജിസ്റ്റര് ചെയ്തിട്ടുള്ളൂ.
ഭര്ത്താവോ മറ്റു ബന്ധുക്കളോ നടത്തുന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകളാണ് ഈ വര്ഷം മേയ് വരെ റിപ്പോര്ട്ട് ചെയ്തത്. 2021, 2022 വര്ഷങ്ങളില് ഇത് അയ്യായിരത്തോട് അടുത്തിരുന്നു.
ഈ വര്ഷം മേയ് വരെയുള്ള കണക്കുകള് പ്രകാരം സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്ഷം ഇതേ വിഭാഗത്തില് ആറു കേസുകളുണ്ടായിരുന്നു.
International
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലും കുട്ടികൾക്കു സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദോർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂണിയന്റെ നീക്കം സോഷ്യൽ മീഡിയ കന്പനികൾക്കു വലിയ ആഘാതമാകും.
13നു താഴെ പ്രായമുള്ളവർ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങി ഉത്തരവാദിത്വപ്പെട്ടവരുടെ മേൽനോട്ടത്തിൽ പരിമിതമായ സമയത്തു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള നിർദേശമാണു പരിഗണനയിലെന്ന് ഉർസുല പറഞ്ഞു.
കുട്ടികളുടെ പ്രായം വർധിക്കുന്നതിനനുസരിച്ച് ഇളവുകൾ നല്കും. പ്രായത്തിനനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടിൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യം ഓസ്ട്രേലിയയാണ്.
Kerala
പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് ജലീൽ കുട്ടികളെ അപമാനിച്ചത്.
ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുകയും ചെയ്തു.
അതേസമയം താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന ന്യായീകരണവുമായി കെ. ടി ജലീൽ രംഗത്തെത്തി.
Movies
മക്കൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ഖുശ്ബു സുന്ദർ രംഗത്ത്. ഖുശ്ബുവിന്റെ മക്കളായ അവന്തിക, ആനന്ദിത എന്നിവർക്കെതിരെ നടക്കുന്ന ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെയാണ് ഖുശ്ബു രംഗത്തെത്തിയത്.
തന്റെ കുടുംബചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഖുശ്ബു പ്രതികരിച്ചത്. താനും ഭർത്താവും മക്കളെ വളർത്തിയത് വ്യക്തമായ മൂല്യങ്ങൾ പകർന്നുനൽകിയാണെന്ന് ഖുശ്ബു ഓർമിപ്പിച്ചു.
മാതാപിതാക്കളുടെ പ്രശസ്തി ഒരിക്കൽപ്പോലും മക്കൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും കഠിനാധ്വാനത്തിലൂടെയാണ് അവർ സ്വന്തം വഴി വെട്ടിത്തുറന്നതെന്നും ഖുശ്ബു കുറിച്ചു.
"ഞാൻ നിശബ്ദയായിരിക്കുന്നു എന്നതിനർഥം നിങ്ങളുടെ വൃത്തികെട്ട, ദയനീയമായ മാനസികാവസ്ഥയ്ക്ക് ഞാൻ വഴങ്ങുന്നു എന്നല്ല. ഒരു അമ്മയോട് കളിക്കാൻ നിൽക്കരുത്. മക്കളെ സംരക്ഷിക്കാൻ മുറിവേറ്റ കടുവയെപ്പോലെ നിലകൊള്ളും. ഇനിയിത് സഹിക്കാനാകില്ല." ഖുശ്ബു പറഞ്ഞു.
രണ്ട് മിനിറ്റ് തരംതാണ പബ്ലിസിറ്റിക്ക് വേണ്ടി തന്റെ മക്കളെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ താരം അതേ നാണയത്തിൽ മറുപടി നൽകാൻ തനിക്ക് അറിയാഞ്ഞിട്ടല്ലെന്നും എന്നാൽ വളർന്നു വന്ന സാഹചര്യവും മൂല്യങ്ങളും അതിന് അനുവദിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സൂര്യപേട്ടിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികൾ പിടിയിൽ. ഹുസൂർനഗർ സ്വദേശികളായ നകിരികന്തി രവി (43), ഭാര്യ ഇന്ദു (25) എന്നിവരാണ് അഞ്ച് വയസുള്ള ധനുഷ്, രണ്ട് വയസുള്ള രേവന്ത് എന്നീ ആൺകുട്ടികളെ മർദിച്ചതിന് അറസ്റ്റിലായത്.
ഇരുമ്പ് ദണ്ഡുകൊണ്ട് മർദിക്കുകയും, ചൂടാക്കിയ വസ്തുക്കൾ കൊണ്ടും സിഗരറ്റ് കൊണ്ടും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നകിരികന്തി 10 വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിയുകയും നാല് വർഷം മുമ്പ് ഇന്ദുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇന്ദുവിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് ധനുഷ്. പിന്നീടാണ് ഇവർക്ക് മറ്റൊരു മകൻ ജനിക്കുന്നത്.
കുട്ടികൾ തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസമാണെന്ന് കരുതിയാണ് ക്രൂരത കാട്ടിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടികളെ പിന്നീട് സർക്കാർ ശിശുഭവനിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് നിയമനടപടികൾ ആരംഭിച്ചു.
Health
മുതിർന്നവരെ ബാധിക്കുന്ന ഇൻഫ്ലുവൻസ നവജാത ശിശുക്കളിലും കുട്ടികളിലും പകരാൻ സാധ്യതയേറെയാണ്. മുതിർന്നവരുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെ കുട്ടികൾക്കും ഉണ്ടാകാം.
കഠിനമായ പനി, തലവേദന, ശരീര വേദന, വിട്ടുമാറാത്ത ചുമ, വയറുവേദന, ശ്വാസംമുട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവ ചെറിയ കുട്ടികളിൽ സാധാരണമാണ്.
കഠിനമായ പനിയുടെ കൂടെ കുട്ടികൾക്കു ഫിറ്റ്സ് വരാനും സാധ്യതയുണ്ട്. ചെവി വേദന, കണ്ണുകൾക്കു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
രണ്ടു വയസിന് താഴെയുള്ള കുട്ടികളിലും മറ്റ് രോഗങ്ങളുള്ള കുട്ടികളിലും ഇൻഫ്ലുവൻസ ബാധിക്കുന്നത് ഗുരുതരമാണ്.
കുട്ടികളിൽ ഇൻഫ്ലുവൻസ ബാധിച്ചാൽ
. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നൽകുക
. ചൂടുവെള്ളം കുടിപ്പിക്കുകയും പോഷകസമൃദ്ധമായ ചെറിയ ഭക്ഷണങ്ങളും നൽകുക
. പനി ഉണ്ടെങ്കിൽ ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
. തൊണ്ടവേദനയ്ക്ക് ആശ്വാസത്തിനായി ചൂടുവെള്ളം നൽകുക
ഇൻഫ്ലുവൻസ പടരുന്നത് തടയാൻ വാക്സിൻ സ്വീകരിക്കുക
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഇൻഫ്ലുവൻസ തടയാൻ കഴിയും. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ എടുക്കണം. മഴക്കാലത്തിനു മുൻപേ വാക്സീൻ എടുക്കുന്നതും അനുയോജ്യമാണ്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളോ വിട്ടുമാറാത്ത രോഗമുള്ളവരോ വീടുകളിൽ ഉണ്ടെങ്കിൽ, വീട്ടിൽ താമസിക്കുന്ന എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കുന്നതു ഉചിതമായിരിക്കും.
ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ ഇത് വളരെ പ്രധാനമാണ്, കാരണം ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് സ്വയം ഫ്ലൂ വാക്സിൻ എടുക്കാൻ കഴിയില്ല, കൂടാതെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഫ്ലൂ വന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഫ്ലുവൻസ വ്യാപനം കുറയ്ക്കാം
കൈ കഴുകിയുള്ള ശുചിത്വം കുട്ടികളെ പരിശീലിപ്പിക്കണം. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ രോഗികളിൽ നിന്ന് അകറ്റി നിർത്തുക കുട്ടികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവലോ, ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായയും മൂടാൻ പഠിപ്പിക്കുക.
കുട്ടികൾ വായിൽ വയ്ക്കുന്ന കളിപ്പാട്ടങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഡേ കെയറിൽ കുട്ടികൾ പോകുന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് പരിചാരകരോട് പറയുക.
ഡോ.അനിറ്റ ആൻ സൈമൺ
കൺസൾട്ടന്റ് - പീഡിയാട്രിക്സ് വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി പാലാ
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനോടാണ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാളയാറിലുണ്ടായ സംഭവങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച നിവേദനം തുടർനടപടികൾക്കായി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ദുരൂഹമരണങ്ങൾക്ക് പുറമെ ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തിൽ വിശദമായി അന്വേഷിക്കാൻ നിർദേശമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Education
തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആലപ്പുഴ, ആറൻമുള, കിടങ്ങൂർ, വടകര, തലശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളജുകളിൽ ബിടെക് കോഴ്സിന് സഹകരണ വകുപ്പ്/ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം.
www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ സഹകരണ വകുപ്പിലെയോ സൊസൈറ്റികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയോ ജീവനക്കാരുടെ മക്കളാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതത് മേലധികാരിയുടെ ഒപ്പ് സഹിതം ഇന്നു രാവിലെ 11.30ന് മുമ്പ് വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
National
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലെ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്.
സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസയച്ചത്.
ഇത്തരം പരസ്യങ്ങളും കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇൻസ്റ്റഗ്രാമിൽനിന്ന് ഉടനടി നീക്കം ചെയ്യാനും മന്ത്രാലയം നിർദേശിച്ചു.
ഇത്തരം പരസ്യങ്ങൾ എങ്ങനെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടുവെന്നും, ഇവ തടയാൻ സ്വീകരിച്ചിട്ടുള്ള സുരക്ഷാമാർഗങ്ങൾ എന്തൊക്കെയാണെന്നും നേരിട്ടു വിശദീകരിക്കാൻ മെറ്റയുടെ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ വിളിച്ചുവരുത്തും. മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ പരസ്യ അവലോകന പ്രക്രിയയും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ സ്വീകരിക്കുന്ന തുടർനടപടികളും കമ്പനി വിശദീകരിക്കണം.
ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പരസ്യങ്ങളിൽ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്ന വിവരം മാധ്യമസ്ഥാപനമായ ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണു കേന്ദ്രസർക്കാർ ഇടപെടൽ.
കേന്ദ്രസർക്കാർ നിർദേശം പാലിക്കുന്നതിൽ മെറ്റ പരാജയപ്പെട്ടാൽ ഐടി ആക്ടും 2012ലെ പോക്സോ നിയമപ്രകാരവും നടപടികൾ നേരിടേണ്ടിവന്നേക്കും. കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി ആക്ടിലെ സെക്ഷൻ 67(ബി) പ്രകാരം ഇന്ത്യയിൽ കുറ്റകരമാണ്.
പെയ്ഡ് പരസ്യങ്ങളിലൂടെ പ്ലാറ്റ്ഫോമുകൾ നേരിട്ടു വരുമാനം ഉണ്ടാക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളുടെ കാര്യത്തിൽ സാങ്കേതിക കമ്പനികൾക്കു നിയമപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: ബംഗളൂരു ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത കാട്ടിയ സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മറ്റ് മൂന്ന് പേർക്കായി അന്വേഷണം ഊർജിതമാക്കി. അഞ്ചു പേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്. ഇവർ പിഞ്ചുകുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.
ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
District News
ചെറുപുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ലോകം നേരിട്ടറിയാൻ പൊന്നംവയൽ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളും അധ്യാപകരും സമീപത്തുള്ള ചാത്തൻപാറ ഇ. കൃഷ്ണപിള്ള വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു.
വായനശാലയിലെത്തിയ കുരുന്നുകളെയും അധ്യാപകരെയും വായനശാല അധികൃതർ സ്വീകരിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതികളെക്കുറിച്ചും വായനശാല സെക്രട്ടറി സങ്കേഷ് കുമാർ കുട്ടികൾക്ക് വിശദീകരിച്ചുകൊടുത്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക വായന സമയവും ഒരുക്കി.
ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണിനും കംപ്യൂട്ടറുകൾക്കും പിന്നാലെ പോകുമ്പോൾ വായനയുടെ പ്രാധാന്യം കുറഞ്ഞുപോകരുതെന്ന് സ്കൂൾ മുഖ്യാധ്യാപകൻ കുട്ടികളെ ഓർമിപ്പിച്ചു.
പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ. മനോജ് കുമാർ കുട്ടികളുമായി വായനാനുഭവങ്ങൾ പങ്കുവച്ചു. എം. ദിവ്യ, ദീപ ഗോപിനാഥൻ, സി.പി. നയന, എ. നിഖില, പി. രാജേഷ്. ടി. സുകന്യ, കെ. നീതു എന്നിവർ പ്രസംഗിച്ചു.
International
ഗാസ: ഇസ്രേലി സേന ഗാസയില് നടത്തിയ നിഷ്ഠുര കൃത്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്. രണ്ടു വര്ഷത്തിനിടെ ഇസ്രേലി സേന കൊന്നൊടുക്കിയത് 20,000 കുട്ടികളെയാണെന്നും ബോധപൂര്വം കുട്ടികളെ ലക്ഷ്യമിട്ടതിനും കൊന്നൊടുക്കിയതിനു നിസ്തർക്കമായ തെളിവുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണസമിതിയുടെ റിപ്പോർട്ട്.
ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ആണ് ഇദ്ദേഹം.
2021നും 2025നും ഇടയിലാണ് 20,000 കുട്ടികളെ ഇസ്രേലി സൈന്യം കൊലപ്പെടുത്തിയത്. വെടിനിര്ത്തല് നിലവില്വന്നതിനു ശേഷവും ഇസ്രേലി സേന തങ്ങളുടെ ക്രൂരത തുടര്ന്നുവെന്നാണു റിപ്പോര്ട്ടില് പറയുന്നത്. എന്നാല്, ഇസ്രയേല് റിപ്പോര്ട്ട് തള്ളി. അപകീർത്തികരമായ കള്ളം എന്നാണ് റിപ്പോർട്ടിനെ ഇസ്രേലി അധികൃതർ വിശേഷിപ്പിച്ചത്.
ജനീവയിൽ ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് 100 പേജ് വരുന്ന യുഎന് റിപ്പോര്ട്ട് പുറത്തുവിട്ടത്. 2023 ഒക്ടോബര് ഏഴിന് ആരംഭിച്ച ഇസ്രയേല്-ഹമാസ് സംഘര്ഷത്തില് ഗാസയില് മാത്രം 20,179 കുട്ടികള് കൊല്ലപ്പെട്ടു.
ഗാസയില് ആകെ കൊല്ലപ്പെട്ടവരുടെ 30 ശതമാനമാണിത്. 44,143 കുട്ടികള്ക്കു പരിക്കേറ്റു. ഇത് ആകെ പരിക്കേറ്റവരുടെ 26 ശതമാനമാണ്. അഞ്ചു വയസിൽ താഴെ പ്രായമുള്ള 5031 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 1029 പേർ ഒരു വയസിൽ താഴെയുള്ളവരായിരുന്നു. കൊല്ലപ്പെട്ടവരിൽ 420 പേർ നവജാതശിശുക്കളാണ്.
ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികൾ ഗുരുതരമായ ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായെന്നു റിപ്പോർട്ട് കണ്ടെത്തി. ഓർഫനേജുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തകർത്തതും ഭക്ഷ്യവസ്തുക്കളും മരുന്നുകളടക്കം സഹായങ്ങൾ തടഞ്ഞതും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും പട്ടിണിക്കും കാരണമായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരെ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ വൻ വർധനയുണ്ടായി. ഗാസയിൽ ഇസ്രേലി സേന എത്രയും പെട്ടെന്നു സൈനികനടപടി അവസാനിപ്പിക്കണമെന്നും പലസ്തീൻ കുട്ടികൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പത്ത് വയസുകാരിയുടെ പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ. കേടായ ചോക്ലേറ്റ് കഴിച്ച് പിറന്നാളുകാരിക്കും സുഹൃത്തുക്കൾക്കും ശാരീരിക അസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടണ്ടി വരികയായിരുന്നു.
സംഭവത്തിൽ ചോക്ലേറ്റ് നിർമാതാക്കൾക്കും വിറ്റ വ്യാപാരിക്കുമെതിരെ കൺസ്യൂമർ കോടതി നടപടിയെടുത്തു. ഇരയായ കുടുംബത്തിന് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ നെല്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
മകളുടെ ജന്മദിനത്തിനാണ് പരാതിക്കാരനായ പിതാവ് 210 രൂപ നൽകി കടയിൽ നിന്നും ചോക്ലേറ്റ് വാങ്ങിയത്. ജന്മദിന പാർട്ടിക്ക് ശേഷം ചോക്ലേറ്റ് കഴിച്ച കുട്ടികൾക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകേണ്ടതായും വന്നു.
കുട്ടികൾ കഴിച്ച ചോക്ലേറ്റ് പരിശോധിച്ചപ്പോഴാണ് അതിൽ പുഴുക്കൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ചോക്ലേറ്റ് നിർമിച്ച കമ്പനിക്കെതിരെയും അത് വിറ്റ കടയുടമയ്ക്കെതിരെയും കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്ന നിലപാടാണ് നിർമതാക്കളും വ്യാപാരിയും സ്വീകരിച്ചത്. ചോക്ലേറ്റിന്റെ ഗുണനിലവാരം തെളിയിക്കുന്നതിനായി കൃത്യമായ ലാബ് പരിശോധനാ റിപ്പോർട്ടുകളോ ശാസ്ത്രീയ തെളിവുകളോ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ ഈ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ഈ വാദങ്ങളെ കൺസ്യൂമർ കമ്മീഷൻ പൂർണമായും തള്ളി. ഇതോടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നടപടികൾക്കിടയിൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും നിഷേധിക്കാനാണ് ചോക്ലേറ്റ് കമ്പനിയും വ്യാപാരിയും ശ്രമിച്ചത്. എന്നാൽ കുടുംബം നൽകിയ ചോക്ലേറ്റിന്റെ ചിത്രങ്ങളും കുട്ടികളെ ചികിത്സിച്ച ഡോക്ടർമാരുടെ മെഡിക്കൽ രേഖകളും കുറ്റകൃത്യം തെളിയിക്കാൻ പര്യാപ്തമാണെന്ന് കോടതി കണ്ടെത്തി. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ആഹാരസാധനങ്ങൾ വിതരണം ചെയ്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കിയ നെല്ലൂർ ഉപഭോക്തൃ കോടതി, പരാതിക്കാരനായ പിതാവിന് 55,000 രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
National
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിൽ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ഭിന്നശേഷി കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെന്റ് സെന്ററുകൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പൊതുതാത്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങളിലെ സുരക്ഷാവ്യവസ്ഥകൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് മൂലം കുട്ടികൾക്ക് ആവശ്യമായ തെറാപ്പികൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ പൂർണമായി ഭേദമാക്കാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി മാതാപിതാക്കളിൽനിന്ന് വൻ തുക ഈടാക്കുന്നതായും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കളുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തതായും ഹർജിയിൽ ആരോപണമുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ പാനി പൂരി കഴിച്ച 20 ൽ അധികം കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം. തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രാദേശിക വിൽപ്പനക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനി പൂരി കഴിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നിരവധി കുട്ടികൾക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾ നിലവിൽ ചികിത്സയിലാണ്, അവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
Kerala
തൃശൂര്: വടക്കാഞ്ചേരിയില് സ്കൂള് വിദ്യാര്ഥികളെ ബസില് കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്. ഇതോടെ ബസില് കയറാന് കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള് കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര് തടയുകയായിരുന്നു. സംഭവത്തില് മോട്ടോര് വാഹന വകുപ്പ് അധികൃതര്ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില് ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
International
ലണ്ടൻ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്കുമേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടനും തീരുമാനിച്ചു. ഈ വർഷം ക്രിസ്മസിനുമുന്പ് ഇതുസംബന്ധിച്ച നിയമം പാസാക്കുമെന്നും നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ ലഭിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പറഞ്ഞു.
സമൂഹമാധ്യമങ്ങൾ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും അവരിൽ കടുത്ത ആസക്തിയുണ്ടാക്കുകയാണെന്നും കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരുമെന്നാണു സൂചന.
കുട്ടികളുടെ സുരക്ഷയും ബൗദ്ധിക-മാനസിക വളർച്ചയും ലക്ഷ്യമിട്ട് ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ നിരോധനം നടപ്പാക്കിയത്. പിന്നാലെ ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിച്ചു. ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ അപകടം നിറഞ്ഞ മറ്റ് ഓൺലൈൻ സൈറ്റുകളിലേക്കു തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റ, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ടെക് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
Kerala
കണ്ണൂർ: പാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മേഖലയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
Kerala
മലപ്പുറം: മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി. കുഞ്ചത്തൂർ സ്വദേശി ഇബ്രാഹിം അഷ്റഫിന്റെ മകൻ യാസിൻ ഹുസൈൻ(14), അമീറിന്റെ മകൻ സുൽത്താൻ(13) എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശേഷമാണ് കുട്ടികളെ കാണാതായത്. അയൽവാസികളാണ് ഇവർ. മംഗലാപുരത്ത് വ്യത്യസ്ത സ്ഥാപനങ്ങളിൽ ഇസ്ലാമിക മതപഠനം നടത്തുന്നവരാണ് ഇവർ.
കുട്ടികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികളിലൊരാൾ സൈക്കിൾ 500 രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. സഹോദരങ്ങൾക്കാണ് കടിയേറ്റത്.
ഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം. ധൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് കടിയേറ്റത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്നു ഇരുവരും.
പരിക്കേറ്റ കുട്ടികൾ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്.
കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണവും സ്ഥിരീകരിച്ചു.
ഷിഗെല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 11 പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
24 പേർക്ക് മഞ്ഞപ്പിത്തവും 94 പേർക്ക് ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വെസ്റ്റ് നൈൽ പനിയും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലെ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.