വാഷിംഗ്ടൺ ഡിസി: 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടതായി പ്രസിഡന്റ ട്രംപ്. വ്യാഴാഴ്ച വൈറ്റ്ഹൗസിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഈ ആരോപണം ഉന്നയിച്ചത്.ഭരണത്തുടർച്ചയ്ക്കായി ട്രംപ് മത്സരിച്ച ഈ തെരഞ്ഞെടുപ്പിൽ ജോ ബൈഡനാണു ജയിച്ചത്.
ബൈഡന്റെ വിജയത്തിനായി ചൈന ഇടപെട്ടുവെന്നാണു ട്രംപ് ആരോപിച്ചത്. അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലെ വോട്ടർ രേഖകൾ വിലയ്ക്കു വാങ്ങുകയോ മോഷ്ടിക്കുകയോ ഹാക്ക് ചെയ്യപ്പെടുകയോ ഉണ്ടായി. ഇതു തെളിയിക്കുന്ന നൂറുകണക്കിന് ഇന്റലിജൻസ് രേഖകൾ താൻ പരസ്യമാക്കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണു വിലയിരുത്തൽ. 2020 തെരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടിട്ടില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ നേരത്തേ കണ്ടെത്തിയിരുന്നു.
സെപ്റ്റംബറിൽ നടക്കാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടർമാരിൽ സംശയത്തിന്റെ വിത്ത് വിതയ്ക്കാനാണു ട്രംപ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി പ്രതികരിച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നാണു വിലയിരുത്തൽ.
ട്രംപിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നു ചൈന പ്രതികരിച്ചു.