തിരുവനന്തപുരം: വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി സർക്കാരിന് വീണ്ടും കത്തയച്ചു. ചിപ്സൺ ഏവിയേഷൻ കമ്പനിയിൽ നിന്ന് മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ നിലവിലെ കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിർണായക നീക്കം.
പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ഇതേ വാടകയിൽ രണ്ട് വർഷം കൂടി കരാർ തുടരാമെന്നാണ് ഡിജിപി കത്തിൽ ശിപാർശ ചെയ്തിരിക്കുന്നത്. നിലവിലെ കരാർ പുതുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. മൂന്ന് വർഷം മുൻപ് കരാർ ഒപ്പുവെച്ചപ്പോൾ സർക്കാരിന് താൽപര്യമുണ്ടെങ്കിൽ രണ്ട് വർഷം കൂടി ഇതേ നിരക്കിൽ സേവനം തുടരാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് കരാർ നീട്ടിയാൽ 2028 സെപ്റ്റംബർ വരെ ഇതേ വാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയും. നിലവിലെ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നാൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ ലഭ്യമാകില്ലെന്നാണ് പൊലിസ് നിഗമനം. വൻ തുക വാടക നൽകി ഹെലികോപ്റ്റർ എടുക്കുന്നതിനെതിരെ പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു.