തിരുവനന്തപുരം: വീടിനു നേരെ ബോംബ് എറിഞ്ഞതായി പരാതി. കഴിഞ്ഞ രാത്രി 12.45ന് ചിറയിൻകീഴ് പുതുക്കരി വയലിൽ വിജയന്റെ വീടിനു നേരെ നടന്ന ആക്രമണത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ ബോംബുകൾ എറിയുകയായിരുന്നു.
ഇതിൽ മൂന്നെണ്ണം പൊട്ടിത്തെറിച്ചു. ഒരു ബോംബ് പൊട്ടാത്ത നിലയിൽ കണ്ടെത്തി. പിന്നീട് പൊലിസ് ഇത് നിർവീര്യമാക്കി. സംഭവസമയത്ത് വിജയനും ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒമ്പതു പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്.
രണ്ടുപേർ ചേർന്ന് വീടിന് നേരെ ബോംബെറിയുന്നതിന്റെ ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.