കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴയ്ക്കു മുകളിലൂടെ നിര്‍മിക്കാന്‍ ഉദേശിക്കുന്ന ഓപ്പണ്‍ സ്റ്റേജിന്റെയും പാര്‍ക്കിംഗ് സംവിധാനത്തെയുംകുറിച്ച് സാധ്യതാ പഠനം നടത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച് മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ റോണി കെ. ബേബി എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രദേശത്ത് പരിശോധന നടത്തി.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ചിറ്റാര്‍ പുഴയ്ക്കു കുറുകെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെ മണ്ണിന്റെ ഉറപ്പ് പരിശോധന, വെള്ളം കയറാനുള്ള സാധ്യതകള്‍, പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. ഇതിനു ശേഷമാകും പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കുക. മറ്റു കാര്യങ്ങളില്‍ കൂടുതല്‍ പഠനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പുഴയുടെ ഒഴുക്കിന് ദോഷമുണ്ടാകാത്ത രീതിയിൽ പാലത്തിനോടും ഈരാറ്റുപേട്ട റോഡിനോടും ചേർന്നുള്ള ഭാഗത്ത് പുഴയ്ക്കു മീതെ കോൺക്രീറ്റ് ചെയ്ത് സ്റ്റേജിനും വാഹന പാർക്കിംഗിനുമുള്ള സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും റോണി കെ. ബേബി എംഎൽഎ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മനു കുര്യാക്കോസ്, എഎക്സ്ഇ നിഷാ ദാസ്, എഇ ജോജു സി. കുര്യന് എന്നിവര്‍ പങ്കെടുത്തു.