സ്റ്റാംഫോർഡ്: വടക്കേ അമേരിക്കയിലെ 12-ാമത് സീറോമലങ്കര കത്തോലിക്കാ ഫാമിലി കൺവൻഷന് ഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ അവസാനിച്ചത്.
അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി എത്തിയ വൈദികരും സമർപ്പിതരും അനേകം വിശ്വാസികളും സഭയിലെ പിതാക്കന്മാരോടൊപ്പം ഒത്തുചേർന്നപ്പോൾ, ഈ സമാപന സമ്മേളനം വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രേക്ഷിത ചൈതന്യത്തിന്റെയും മഹത്തായ സാക്ഷ്യമായി മാറി.
നാല് നാൾ നീണ്ടുനിന്ന പ്രാർഥനകൾക്കും ആരാധനയ്ക്കും സൗഹൃദ കൂട്ടായ്മകൾക്കും നവീകരണത്തിനും ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് വിശ്വാസികൾ ദിവ്യബലിയിൽ പങ്കുചേർന്നു. സീറോമലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതിയ ശുശ്രൂഷകൾ, തോമാശ്ലീഹായിലൂടെ ഭാരതത്തിന് ലഭിച്ച വിശ്വാസത്തിന്റെ പ്രേക്ഷിത ചൈതന്യത്തെ വീണ്ടും ജ്വലിപ്പിച്ചു.
ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്: "നിങ്ങൾ പോയി സകല ജനങ്ങളെയും ശിഷ്യപ്പെടുത്തുവിൻ' പൊന്തിഫിക്കൽ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ക്രിസ്തുവിന്റെ വലിയ പ്രേക്ഷിത ദൗത്യത്തെക്കുറിച്ചാണ് മാത്യൂസ് മാർ പക്കോമിയോസ് പിതാവ് പ്രസംഗിച്ചത്.
സഭയിൽ അംഗമായിരിക്കുക എന്നതിലുപരി, ഓരോ മാമ്മോദീസാ സ്വീകരിച്ച വ്യക്തിയും സജീവമായ ഒരു മിഷനറി ശിഷ്യനാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പിതാവ് ഓർമിപ്പിച്ചു.