ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന്റെ ശിപാർശപ്രകാരമാണു നടപടി. സെപ്റ്റംബർ അഞ്ചിനാണ് ഭൂപേഷ് ബാഗേലിനു പകരം സച്ചിൻ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയിൽ നിയമിച്ചത്.
പുതിയ പിസിസി അധ്യക്ഷനെ ഉടൻ നിയമിക്കും. സ്ഥാനചലനം സംബന്ധിച്ച് വാറിംഗിനെ ഹൈക്കമാൻഡ് അറിയിച്ചു. മുൻ എംപിയും ഹിന്ദുമുഖവുമായ വിജയ് ഇന്ദർ സിംഗ്ലയ്ക്കാണു പിസിസി അധ്യക്ഷസ്ഥാനത്തേക്കു മുൻഗണന.
പർഗത് സിംഗ്, റാണാ കെ.പി. സിംഗ്, സുഖ്ബിന്ദർ സിംഗ് സർക്കാരിയ, മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, സുഖ്ജിന്ദർ സിംഗ് രൺധാവ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
വാറിംഗ് പിസിസി അധ്യക്ഷസ്ഥാനത്തു തുടരുന്നതിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കായിരുന്നു കൂടുതൽ എതിർപ്പ്. സമാന്തര യോഗങ്ങൾ വിളിച്ചുചേർത്ത് ചന്നി നേതൃത്വത്തിനു വെല്ലുവിളി ഉയർത്തിയിരുന്നു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ഏവർക്കും സ്വീകാര്യനായ പിസിസി അധ്യക്ഷനെ കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ ശ്രമം.