ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ പൊളിച്ച് കേന്ദ്രം. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഏത് സമയത്തും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. അബ്ദുൾ വഹാബ്, വി. ശിവദാസൻ എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം കേന്ദ്രം പൊളിച്ചടുക്കിയത്.
പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ന്യായീകരണം. എന്നാൽ ഫണ്ട് ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും എംഒയു ഒപ്പിട്ടിട്ടും സ്കൂളുകളുടെ പട്ടിക നൽകാത്തതിനാൽ കേരളത്തിന്റെ പേര് ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന കേരളത്തിന്റെ വാദവും കേന്ദ്രം തള്ളി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ നിർണയിക്കുന്ന ഘടന അനുസരിച്ചായിരിക്കും പാഠപുസ്തകങ്ങളും കാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരികയെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെ അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ മറുപടി.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ഉടൻ ചേരും.